അമ്മയുടെ മടിയില്‍ മരിക്കാന്‍ അനുവദിക്കണമെന്ന് കാന്‍സര്‍ രോഗിയായ തടവുകാരന്‍

കാന്‍സര്‍ രോഗിയായ ജയില്‍പുള്ളി അമ്മയുടെ മടിയില്‍ കിടന്നു മരിക്കാന്‍ തന്നെ അനുവദിക്കണമെന്ന ഹര്‍ജിയുമായി സുപ്രീം കോടതിയില്‍. രാജസ്ഥാനിലെ ജയിലില്‍ കള്ളനോട്ടു കേസില്‍ പ്രതിയായി വിചാരണതടവുകാരനായി കഴിയുന്ന ആസു ജെയ്ഫ് എന്നയാളാണ് ഹര്‍ജിക്കാരന്‍. 2018-ല്‍ കേസില്‍പെട്ട ശേഷമാണ് ഇയാള്‍ക്ക് വായില്‍ കാന്‍സര്‍ കണ്ടെത്തിയതെന്ന് ഹര്‍ജിയില്‍ പറയുന്നു. ശരീരമാസകലം കാന്‍സര്‍ ബാധിച്ച് ഇപ്പോള്‍ മരണാസന്നനാണ്. രോഗത്തിന്‍റെ മൂന്നാം ഘട്ടം കഴിഞ്ഞിരിക്കുന്ന തനിക്ക് അമ്മയുടെ മടിയില്‍ കിടന്ന് ആശ്വാസത്തോടെ മരിക്കണമെന്നാണ് ആഗ്രഹം. വൈകാരികമായ പിന്തുണയുടെ പിന്‍ബലമാണ് തനിക്ക് മാതാവ് — ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ നാലു മാസമായി ആസു ജെയ്ഫിന് ആഹാരമൊന്നും കഴിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും തലമുടിയും പല്ലും കൊഴിഞ്ഞു പോയെന്നും ആസുവിന്‍റെ വക്കീല്‍ സൂചിപ്പിച്ചു. തന്‍റെ അന്ത്യനാളുകളില്‍ അമ്മയോടും കുടുംബാംഗങ്ങളോടും ഒത്തു കഴിയാന്‍ അയാള്‍ തീവ്രമായി ആഗ്രഹിക്കുകയാണെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. മാനസികമായ തകര്‍ച്ചയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ കുടുംബത്തിന്‍റെ വൈകാരിക പിന്തുണ ആഗ്രഹിക്കുന്നതായി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കാന്‍സര്‍ കണ്ടെത്തിയ ആശുപത്രി റിപ്പോര്‍ട്ടും നിഗമനങ്ങളും ഹര്‍ജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. രോഗം ഒരിക്കലും ഭേദമാകാത്ത രോഗിയെ സംബന്ധിച്ച് കുടുംബത്തിനു വലിയ പങ്കുവഹിക്കാനുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ജിക്കാരന്‍റെ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നും വിചാരണ നേരിടുകയാണെന്നും കഴിഞ്ഞ എട്ടു മാസങ്ങളായി റേഡിയോ തെറാപ്പിക്കു വിധേയനാണെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നുണ്ട്. കേസില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം ആരാഞ്ഞിരിക്കുകയാണ് സുപ്രീംകോടതി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org