Latest News
|^| Home -> National -> ആര്‍ച്ച്ബിഷപ് റാഫേല്‍ ചീനാത്തിന് അന്ത്യാഞ്ജലി

ആര്‍ച്ച്ബിഷപ് റാഫേല്‍ ചീനാത്തിന് അന്ത്യാഞ്ജലി

sathyadeepam

ദിവംഗതനായ ഒറീസയിലെ കട്ടക്ക്-ഭുവനേശ്വര്‍ രൂപതയുടെ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. റാഫേല്‍ ചീനാത്തിന് ആയിരങ്ങളുടെ അശ്രുപൂജ. മുംബൈ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ നടന്ന കബറടക്ക ശുശ്രൂഷയില്‍ ജീവിതത്തിന്റെ നാനാതുറകളില്‍പെട്ട അനേകര്‍ സംബന്ധിച്ചു. 2011-ല്‍ അതിരൂപതാ ഭരണത്തില്‍ നിന്നു വിരമിച്ച അദ്ദേഹം മുംബൈ അന്ധേരിയിലെ എസ്‌വിഡി സഭയുടെ സോവര്‍ജിയ ഹൗസില്‍ വിശ്ര മജീവിതം നയിക്കുകയായിരുന്നു. അര്‍ബുദ ബാധിതനായി ജനുവരി മുതല്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ആഗസ്റ്റ് 14-ന് മുംബൈയിലെ ഹോളി സ്പിരിറ്റ് ആശു പത്രിയിലായിരുന്നു. 82 വയസ്സായിരുന്നു.
1974-ല്‍ ഒഡീഷയിലെ സാമ്പല്‍പുര്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ ഡോ. ചീനാത്ത് 1985 ആഗസ്റ്റ് 11-ന് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി. അതിരൂപതയ്ക്കു കീഴിലുള്ള കന്ദമാലില്‍ 2007-ലും 2008-ലും ക്രൈസ്തവര്‍ക്കു നേരെ രാജ്യത്തെ നടുക്കിയ അക്രമ പരമ്പരകളുണ്ടായപ്പോള്‍ സഭാസമൂഹത്തിനു താങ്ങായി നിന്നതും അനേകര്‍ക്കു സമാശ്വാസം പകരാന്‍ മുന്നിട്ടിറങ്ങിയതും ഇദ്ദേഹമാണ്.
തൃശൂര്‍ ചേര്‍പ്പ് പല്ലിശേരി ഇടവകയിലെ ചീനാത്ത് വീട്ടില്‍ കുഞ്ഞിപ്പൊറിഞ്ചു (ഫ്രാന്‍സിസ്)-അച്ചുണ്ണി (തെരേസ) ദമ്പതികളുടെ രണ്ടാമത്തെ മകനായി 1934 ഡിസംബര്‍ 29-നാണു ജനിച്ചത്. ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളില്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയശേഷം എസ്‌വിഡി സെമിനാരിയില്‍ ചേര്‍ന്നു. പൂനയിലെ പേപ്പല്‍ സെമിനാരിയില്‍ ഫി ലോസഫി, തിയോളജി പഠനങ്ങള്‍ പൂര്‍ത്തിയാക്കി. 1963 സെപ്റ്റംബര്‍ 21-ന് പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി എസ്‌വിഡി സെമിനാരി റെക്ടറായും മഹാരാഷ്ട്രയിലെ പൂനയില്‍ എസ് വിഡി സഭയുടെ റീജണല്‍ സുപ്പീരിയറായും റോമില്‍ എസ്‌വിഡി സഭയുടെ ജനറല്‍ കൗണ്‍സിലറായും ശുശ്രൂഷ ചെയ്തു. സിബിസിഐയുടെ സമാധാനത്തിനും നീതിക്കും വികസനത്തിനും വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍, കാരിത്താസ് ഇന്ത്യ, ഐജിഎസ്എസ്, ബാംഗ്ലൂര്‍ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് എന്നിവയുടെ ഗവേണിംഗ് ബോര്‍ഡ് അംഗമായിരുന്നു.

Leave a Comment

*
*