ഇറാഖി ക്രൈസ്തവരെ നാട്ടിലേയ്ക്കു മടങ്ങാന്‍ സഹായിക്കണമെന്നു സ്ഥാനപതി

Published on

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ അക്രമം മൂലം മാതൃരാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതരായ ഇറാഖിലെ ക്രൈസ്തവരെ സ്വന്തം നാട്ടിലേയ്ക്കു മടങ്ങിച്ചെല്ലാന്‍ ആഗോളസമൂഹം സഹായിക്കണമെന്ന് ഇറാഖിന്‍റെ വത്തിക്കാനിലെ സ്ഥാനപതി അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവര്‍ ഇറാഖില്‍നിന്നു പോകണമെന്ന് അവിടത്തെ ഭരണകൂടമോ ജനങ്ങളോ ആഗ്രഹിക്കുന്നില്ല. കാരണം ക്രൈസ്തവര്‍ ഇറാഖി ജനസമൂഹത്തിന്‍റെ അവിഭാജ്യ ഘടകമാണ് – സ്ഥാനപതിയായ മൂസാ ഹുസൈന്‍ വ്യക്തമാക്കി.

ലക്ഷകണക്കിന് ഇറാഖികളാണ് ഇസ്ലാമിക് സ്റ്റേറ്റ് അധീനകാലത്ത് ഇറാഖ് വിട്ടു തുര്‍ക്കി, കുര്‍ദിസ്ഥാന്‍, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കു പോയത്. ഇവര്‍ ഇപ്പോള്‍ മടങ്ങി വരാന്‍ തയ്യാറാണ്. വിശേഷിച്ചും നിനവേ പ്രദേശത്തുണ്ടായിരുന്നവര്‍. ഇവിടെയാണ് ഇറാഖിലെ ക്രൈസ്തവരില്‍ 90 ശതമാനവും ജീവിച്ചിരുന്നത്. പക്ഷേ ഈ പ്രദേശങ്ങളൊന്നും ഇന്ന് അധിവാസയോഗ്യമല്ല. അതിനാല്‍ ഇസ്ലാമിക ഭീകരവാദികള്‍ തകര്‍ത്തു കളഞ്ഞ പ്രദേശങ്ങളുടെ പുനഃരുദ്ധാരണമാണ് പലായനം ചെയ്തവരുടെ മടങ്ങി വരവിന് ആവശ്യമായ ആദ്യത്തെ കാര്യം. ഇതിനു വേണ്ട സഹായം ചെയ്യണമെന്ന് അന്താരാഷ്ട്രസമൂഹത്തോട് ഇറാഖ് അഭ്യര്‍ത്ഥിക്കുന്നു.

കത്തോലിക്കാസഭയുടെ ചാരിറ്റി സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ സഹായത്തോടെ നിനവേ പ്രദേശത്തു വീടുകളുടെ പുനഃനിര്‍മ്മാണം നടന്നു വരികയാണ്. ഏകദേശം മുപ്പതിനായിരം ക്രൈസ്തവകുടുംബങ്ങളുടെ വീടുകള്‍ ഇപ്രകാരം പുനഃനിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. പരമ്പരാഗത ക്രിസ്ത്യന്‍ ഭൂരിപക്ഷപ്രദേശമായിരുന്ന നിനവേയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എത്തിയതോടെ 2014-ല്‍ ഒരു ലക്ഷം ക്രൈസ്തവരാണ് ഒറ്റയടിക്കു നാടു വിട്ടു പോയത്. അവരുടെ പള്ളികളും ആശ്രമങ്ങളും കച്ചവടസ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവയ്ക്കുകയും തകര്‍ക്കുകയും ചെയ്തു ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org