കത്തോലിക്കാ വൈദികന്‍ ഫ്രാന്‍സില്‍ യൂണിവേഴ്സിറ്റി തലവനായി

കത്തോലിക്കാ വൈദികന്‍  ഫ്രാന്‍സില്‍ യൂണിവേഴ്സിറ്റി  തലവനായി

ഫ്രാന്‍സിലെ പ്രസിദ്ധമായ സ്ട്രോസ്ബര്‍ഗ് യൂണിവേഴ്സിറ്റിയുടെ അദ്ധ്യക്ഷനായി കത്തോലിക്കാ പുരോഹിതനായ ഫാ.മിഷേല്‍ ദെനെകെന്‍ തിരഞ്ഞെടുക്കപ്പെട്ടു. പൊതുരംഗങ്ങളില്‍ നിന്നു മതവുമായി ബന്ധപ്പെട്ട സകലപ്രതീകങ്ങളെയും അകറ്റി നിറുത്തുന്ന സെക്കുലറിസം പാലിക്കാന്‍ കര്‍ക്കശമായ ശ്രദ്ധ പുലര്‍ത്തുന്ന ഫ്രാന്‍സില്‍ ഈ തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി. അര ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളും 50 കോടിയിലധികം യൂറോയുടെ ബജറ്റുമുള്ള യൂണിവേഴ്സിറ്റിയുടെ ഭരണാധികാരിയായി അടുത്ത നാലു വര്‍ഷത്തേയ്ക്കാണ് ഫാ.ദെനെകെനിന്‍റെ നിയമനം. 9 നെതിരെ 29 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബന്ധപ്പെട്ട സമിതിയില്‍ ഫാ.ദെനെകിന്‍ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. യൂണിവേഴ്സിറ്റിയുടെ ദൈവശാസ്ത്ര വകുപ്പില്‍ പ്രൊഫസറും ഡീനുമായിരുന്നു അദ്ദേഹം.

പുരോഹിതന്‍ ഒരു സെക്കുലര്‍ യൂണിവേഴ്സിറ്റിയുടെ അദ്ധ്യക്ഷനായത് ഫ്രാന്‍സില്‍ നിരവധി ചര്‍ച്ചകള്‍ക്കു വഴി തെളിച്ചു. യൂണിവേഴ്സിറ്റിയുടെ സെക്കുലര്‍ സ്വഭാവം നശിപ്പിക്കുന്ന തിരഞ്ഞെടുപ്പാണിെതന്നു വിമര്‍ശിക്കുന്നവരും ഉണ്ട്. തിരഞ്ഞെടുപ്പില്‍ ഫാ.ദെനെകിനിന്‍റെ എതിരാളിയായിരുന്ന ഹെലെന്‍ മിഷേല്‍, പ്രചാരണവേളയില്‍ അദ്ദേഹത്തിന്‍റെ കത്തോലിക്കാപൌരോഹിത്യം ഒരു വിഷയമായി ഉയര്‍ത്തിക്കാണിച്ചിരുന്നു. ഒരു പുരോഹിതന്‍ എപ്പോഴും സഭാധികാരത്തിനു കീഴ്പ്പെട്ടിരിക്കുമെന്നും അത് ശാസ്ത്രീയ ഗവേഷണങ്ങളെ ഭാവിയില്‍ ബാധിച്ചേക്കുമെന്നും അവര്‍ വാദിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പു സമിതിയില്‍ ഈ വാദങ്ങള്‍ വിലപ്പോയില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org