കന്ദമാലിലെ നിരപരാധികളില്‍ ഒരാള്‍ക്ക് ജാമ്യം

ക്രൈസ്തവ പീഡനങ്ങള്‍ അരങ്ങേറിയ ഒരീസയിലെ കന്ദമാലില്‍ വ്യാജ ആരോപണങ്ങളുടെ പേരില്‍ അറസ്റ്റു ചെയ്തു വര്‍ഷങ്ങളായി ജയിലില്‍ അടയ്ക്കപ്പെട്ട ഏഴുപേരില്‍ ഒരാള്‍ക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഗൊര്‍നാഥ് ചലന്‍ സേത്ത് എന്നയാള്‍ക്ക് ജാമ്യം ലഭിച്ചത്. ഡല്‍ഹി കേന്ദ്രമായുള്ള എഡിഎഫ് എന്ന ക്രിസ്ത്യന്‍ സംഘടന മനുഷ്യാവകാശങ്ങള്‍ക്കും നിരപരാധികള്‍ക്കു നീതി ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

2008 ല്‍ കന്ദമാലില്‍ ഹിന്ദു നേതാവ് സ്വാമി ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നൂറോളം ക്രൈസ്തവര്‍ കൊല്ലപ്പെടുകയുണ്ടായി. നിരവധി വീടുകളും ദേവാലയങ്ങളും സ്ഥാപനങ്ങളും ആക്രമിച്ചു നശിപ്പിച്ചു. അരലക്ഷത്തിലധികം പേര്‍ ഭവനരഹിതരായി. ലക്ഷ്മണാനന്ദയുടെ വധവുമായി ബന്ധപ്പെട്ട് ഹിന്ദുതീവ്രവാദ സംഘടനയുടെ ആരോപണത്തിലാണ് ക്രൈസ്തവരായ ഏഴുപേരെ പൊലീസ് അറസ്റ്റു ചെയ്തത്. പ്രാദേശിക കോടതി അവരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും ചെയ്തു. ഒറീസ ഹൈക്കോടതി അവര്‍ക്കു രണ്ടുപ്രാവശ്യം ജാമ്യം നിഷേധിക്കുകയുണ്ടായി.

ഇപ്പോള്‍ സുപ്രീം കോടതിയില്‍ നിന്നു ലഭിച്ച ജാമ്യം കന്ദമാലിലെ നിരപരാധികളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്‍റെ വിജയമാണെന്ന് പത്രപ്രവര്‍ത്തകനായ ആന്‍റോ അക്കര പറഞ്ഞു. നിരപരാധികളുടെ മോചനത്തിനുവേണ്ടി നിരന്തരം പരിശ്രമിച്ച വ്യക്തിയാണിദ്ദേഹം. കന്ദമാലിലേക്ക് യാത്രകള്‍ നടത്തി നിരവധി റിപ്പോര്‍ട്ടുകള്‍ ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org