കര്‍ണാടകയിലെ പള്ളി ആക്രമണം: 16 വര്‍ഷങ്ങള്‍ക്കു ശേഷം പ്രതി പിടിയില്‍

Published on

കര്‍ണാടകയില്‍ 2000ല്‍ നടന്ന പള്ളി ആക്രമണങ്ങളില്‍ പങ്കുണ്ടെന്നു സംശയിക്കുന്ന പ്രതിയെ 16 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസ് അറസ്റ്റു ചെയ്തു. ബാംഗ്ലൂര്‍, ഹുബ്ബള്ളി. കലബുറഗി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളില്‍ സ്‌ഫോടനങ്ങള്‍ നടത്തിയ കേസിലാണ് മുപ്പത്താറുകാരനായ ഷേക് അമീര്‍ എന്നു വിളിക്കുന്ന അമീര്‍ അലിയെ പൊലീസ് പിടികൂടിയത്. നിരോധിത തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
2000 ജൂണ്‍ – ജൂലൈ മാസങ്ങളിലാണ് കര്‍ണാടകയിലെ മൂന്നു പള്ളികള്‍ ആക്രമിക്കപ്പെട്ടത്. ജൂണ്‍ 8-ന് കലബുറഗിയിലെ സെന്റ് ആന്‍സ് പള്ളിയിലായിരുന്നു ആദ്യത്തെ ബോംബു സ്‌ഫോടനം. ഹുബ്ബള്ളി സെന്റ് ജോണ്‍സ് ലൂഥറന്‍ പള്ളിയില്‍ ജൂലൈ 8-നും ബാംഗ്ലൂര്‍ ജെ.ജെ. നഗറിലെ സെന്റ് പീറ്റര്‍ ആന്റ് പോള്‍ പള്ളിയില്‍ ജൂലൈ 9-നും സ്‌ഫോടനങ്ങള്‍ നടത്തി. ക്രൈസ്തവര്‍ക്കും ഹിന്ദുക്കള്‍ക്കു മിടയില്‍ പിളര്‍പ്പുണ്ടാക്കാനായിരുന്നു സ്‌ഫോടനങ്ങളെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്‌ഫോടനങ്ങള്‍ക്കു ശേഷം ഹിന്ദുക്കളെ കുറ്റപ്പെടുത്തുന്ന തരത്തില്‍ ലഘുലേഖകളും മറ്റും വിതരണം ചെയ്യപ്പെട്ടിരുന്നു.
ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിഐഡിക്ക് കൈമാറുകയായിരുന്നു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 29 പേര്‍ക്കെതിരെ കോടതില്‍ കുറ്റപത്രം നല്‍കിയിരുന്നു. ഇതില്‍ 11 പേരെ കോടതി വധശിക്ഷയ്ക്കു വിധിക്കുകയും ചെയ്തു. കുറ്റവാളികളില്‍ പിടികിട്ടാത്തവര്‍ക്കു വേണ്ടിയുള്ള തിരച്ചിലിലാണ് ആന്ധ്രയില്‍ നിന്നു ഷേക്ക് അമീറിനെ പൊലീസ് പിടികൂടിയത്. ഇനിയും പിടികിട്ടാനുള്ളവരില്‍ 5 പേര്‍ പാകിസ്ഥാനിലേക്കു കടന്നതായും പൊലീസ് വെളിപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org