കൂട്ടായ പരിശ്രമത്തിലൂടെ വെല്ലുവിളികളെ അതിജീവിക്കണം: മാര്‍ ആലഞ്ചേരി

കൂട്ടായ പരിശ്രമത്തിലൂടെ വെല്ലുവിളികളെ അതിജീവിക്കണം: മാര്‍ ആലഞ്ചേരി

കത്തോലിക്ക കോണ്‍ഗ്രസിനു പുതിയ ഭരണഘടന

സീറോ മലബാര്‍ സഭയുടെ അല്മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കുന്നതിനു വഴിതുറന്നു പുതിയ ഭരണഘടന. സഭ അംഗീകരിച്ച പുതിയ ഭരണഘടന ഡയറക്ടര്‍ ഫാ. ജിയോ കടവിക്കും ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലത്തിനും നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു.
വിവിധ രാജ്യങ്ങളിലായി അമ്പതു ലക്ഷത്തോളം സഭാവിശ്വാസികളെ ഏകോപിപ്പിച്ചു സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു പുതുക്കിയ ഭരണഘടനയിലൂടെ കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നു മേജര്‍ ആര്‍ച്ച്ബിഷപ് പ്രതീക്ഷ പ്രകടിപ്പിച്ചു. സഭയും സമുദായവും ധാരാളം വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന സാഹചര്യങ്ങളില്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണ്. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ അല്മായരുടെ പങ്ക് വിലപ്പെട്ടതാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
കേരളത്തിനു പുറത്തുള്ള സീറോ-മലബാര്‍ സഭാംഗങ്ങളെ കത്തോലിക്ക കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനത്തില്‍ സജീവമാക്കാനുള്ള ഭേദഗതികളാണു ഭരണഘടനയില്‍ വരുത്തിയിരിക്കുന്നത്. കേന്ദ്രസമിതിയിലും നേതൃത്വത്തിലും നിശ്ചിത ശതമാനം ഭാരവാഹികള്‍ ഇനി കേരളത്തിനു പുറത്തുനിന്നാകും.
കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസ ഫ് പെരുന്തോട്ടം, ഫരീദാബാദ് ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ഡെലഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കേന്ദ്ര ഭാരവാഹികളായ ഡേവിസ് പുത്തൂര്‍, ബേബി പെരുമാലി. സെലിന്‍ സിജോ, സാജു അലക്സ്, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, സൈബി അക്കര, ജോസുക്കുട്ടി മാടപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org