തുല്യനീതിയും അവകാശങ്ങളും എല്ലാ ജനങ്ങള്‍ക്കും ഉറപ്പുവരുത്തണം: കെസിബിസി

തുല്യനീതിയും അവകാശങ്ങളും എല്ലാ ജനങ്ങള്‍ക്കും ഉറപ്പുവരുത്തണം: കെസിബിസി

ഭരണഘടന ഉറപ്പു നല്കുന്ന തുല്യഅന്തസ്സും തുല്യഅവകാശങ്ങളും തുല്യനീതിയും ഓരോ പൗരനും, എല്ലാ ജനവിഭാഗങ്ങള്‍ക്കും ഉറപ്പു നല്കുന്നതില്‍ സര്‍ക്കാരും ഭരണഘടനാ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ വര്‍ഷകാല സമ്മേളനം അഭിപ്രായപ്പെട്ടു. കേരള കത്തോലിക്കാസഭാ ആസ്ഥാനമായ പിഒസിയില്‍ മൂന്നു ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ "വൈവിധ്യത്തില്‍ ഐക്യപ്പെട്ട് കാരുണ്യ ദൗത്യത്തിലൂടെ" ക്രൈസ്തവസാക്ഷ്യം നല്കാനുള്ള സിബിസിഐ ആഹ്വാനത്തിന്‍റെ വെളിച്ചത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്കി.

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയിലും അക്രമപ്രവണതയിലും യോഗം ആശങ്ക രേഖപ്പെടുത്തി. മനുഷ്യജീവനോടും വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളോടുമുള്ള ആദരം അടിക്കടി കുറഞ്ഞുവരുന്നത് കേരള സമൂഹത്തില്‍ പ്രതിസന്ധിയുണ്ടാക്കും. കോര്‍പ്പറേറ്റു താത്പര്യങ്ങളുടെയും അധികാര രാഷ്ട്രീയത്തിന്‍റെയും ആരോഗ്യകരമല്ലാത്ത പ്രവണതകള്‍ ന്യൂനപക്ഷങ്ങളുടെയും സമൂഹത്തിലെ മറ്റു ദുര്‍ബല വിഭാഗങ്ങളുടെയും ജീവിതവും വളര്‍ച്ചയും പ്രതിസന്ധിയിലാക്കുന്നുണ്ട്.

സ്ത്രീകളോടും കുട്ടികളോടുമുള്ള മനോഭാവത്തിലും പെരുമാറ്റത്തിലും കേരള സമൂഹം പുലര്‍ത്തിവന്ന അന്തസ്സും ആദരവും നഷ്ടപ്പെടാതിരിക്കാന്‍ നിയമപാലകരും സമൂഹവും കൂടുതല്‍ ശ്രദ്ധ വയ്ക്കണം. രാഷ്ട്രീയ അധികാരത്തിലേക്കുള്ള എളുപ്പ വഴിയായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും അനാവശ്യ ഭയാശങ്കകളും സൃഷ്ടിക്കുന്നതും ധ്രുവീകരണം നടത്തുന്നതും ഏറ്റം അപകടകരമാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ പ്രബുദ്ധരായ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ മുന്നോട്ടുവരണം. ഭരണഘടന ഉറപ്പുനല്കുന്ന സെക്കുലര്‍ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കണം.

സഭയിലെ വിശ്വാസ പരിശീലനത്തോടൊപ്പം, രാജ്യത്തിന്‍റെ പൗരാണിക പാരമ്പര്യങ്ങളും മൂല്യങ്ങളും മനസ്സിലാക്കാനും സ്വാംശീകരിക്കാനും ക്രൈസ്തവര്‍ ശ്രദ്ധവയ്ക്കണം. കുട്ടികളുടെയും മറ്റു ദുര്‍ബലവിഭാഗങ്ങളുടെയും സംരക്ഷണത്തിനും സുരക്ഷിതത്വത്തിനും പ്രത്യേകം ശ്രദ്ധ നല്കണം. സഭയുടെ എല്ലാ സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ട ജാഗ്രതയും പാലിക്കേണ്ട കരുതലുകളും നടപടിക്രമങ്ങളും സംബന്ധിച്ച് കെസിബിസി മാര്‍ഗരേഖ പുറപ്പെടുവിച്ചു.

ഓഖി ദുരിതാശ്വാസ-പുനരധിവാസ പദ്ധതികളുടെ നടത്തിപ്പ് യോഗം അവലോകനം ചെയ്തു. തീരദേശജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്ഥിരസംവിധാനങ്ങള്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കണം. ഇതരസംസ്ഥാന തൊഴിലാളികളുടെ മനുഷ്യാവകാശവും പൗരാവകാശങ്ങളും ഉറപ്പുവരുത്തുന്ന നിയമ നിര്‍മാണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും മുന്നോട്ടുവരണം. ഇതരസംസ്ഥാന തൊഴിലാളികളുടെ മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിന് പ്രാദേശിക തലത്തില്‍ വര്‍ക്കേഴ്സ് ഫെസിലിറ്റേഷന്‍ സെന്‍ററുകള്‍ ആരംഭിക്കാന്‍ കത്തോലിക്കാരൂപതകള്‍ക്ക് നിര്‍ദേശം ന ല്കിയിട്ടുണ്ട്.

വിജയപുരം രൂപതാംഗമായ കെവിന്‍ ജോസഫിന്‍റെ കൊലപാതകത്തേയും അതു സംഭവിക്കാനിടയാക്കിയ പൊലീസ് അനാസ്ഥയേയും കെസിബിസി ശക്തമായി അപലപിച്ചു. യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിയിലേക്ക് സര്‍ക്കാരിന്‍റെ അടിയന്തരശ്രദ്ധ പതിയണം. നിപ്പ വൈറസ് മൂലമുള്ള പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമായെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെയും സമൂഹത്തിന്‍റെയും ജാഗ്രത തുടര്‍ന്നുമുണ്ടാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org