തെങ്ങ് കയറ്റ പരിശീലനവും യന്ത്ര വിതരണവും

തെങ്ങ് കയറ്റ പരിശീലനവും യന്ത്ര വിതരണവും

കോട്ടയം: നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം നാളികേര കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്‍ററില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സഖറിയാസ് കുതിരവേലി നിര്‍വഹിച്ചു. നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയുടെ നവോത്ഥാനത്തിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തെങ്ങിന്‍റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയിലൂടെ നാളികേര സേവനങ്ങള്‍ സമൂഹത്തിന് എത്തിച്ചുകൊടുക്കുവാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. നാളികേരത്തിന്‍റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വ്യാപനം കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. നാളികേര സംരക്ഷണത്തോടൊപ്പം വരുമാനദായക സ്വയംതൊഴില്‍ സംരംഭക സാധ്യതകള്‍ ആളുകള്‍ക്ക് തുറന്ന് കൊടുക്കുവാന്‍ ചങ്ങാതിക്കൂട്ടം പദ്ധതിയിലൂടെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എല്‍സമ്മ മാത്യു, കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, എം. എം.ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി 6 ദിവസത്തെ ശാസ്ത്രീയ തെങ്ങുകയറ്റ പരിശീലനമാണ് സംഘടിപ്പിച്ചത്. കൂടാതെ കോക്കനട്ട് ഒളിമ്പിക്സ് മത്സരവും സംഘടിപ്പിച്ചു. പരിശീലനപരിപാടി വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റും സൗജന്യമായി തെങ്ങുകയറ്റ യന്ത്രവും ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org