നിനവേയിലേക്കു മടങ്ങിയ ക്രൈസ്തവരുടെ മുന്പില്‍ കരളുരുകും കാഴ്ചകള്‍

നിനവേയിലേക്കു മടങ്ങിയ ക്രൈസ്തവരുടെ  മുന്പില്‍ കരളുരുകും കാഴ്ചകള്‍

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ പക്കല്‍ നിന്നു മോചിപ്പിക്കപ്പെട്ട ഇറാഖിലെ ചരിത്രപ്രധാനമായ നിനവേ പ്രദേശത്തേയ്ക്കു ജനങ്ങള്‍ മടങ്ങിയെത്താന്‍ തുടങ്ങി. പക്ഷേ, തിരിച്ചു പിടിച്ച ജന്മനാട്ടിലേയ്ക്കു തിരിച്ചെത്തുന്ന ക്രൈസ്തവരെ കാത്തിരിക്കുന്നതു ഹൃദയം തകര്‍ക്കുന്ന കാഴ്ചകള്‍. അത്രമാത്രം വിനാശമാണ് ഭീകരവാദികള്‍ ഇവിടെ നടത്തിയിരിക്കുന്നത്. ഐസിസ് ഭീഷണിയെ തുടര്‍ന്നു ക്രൈസ്തവര്‍ വിട്ടുപോയപ്പോള്‍ ഇവിടെ ജീവിതം തുടര്‍ന്ന മുസ്ലീങ്ങളായ അയല്‍വാസികള്‍ തങ്ങളോടു വഞ്ചനാപരമായാണ് പ്രവര്‍ത്തിച്ചത് എന്നതിന്‍റെ തെളിവുകള്‍ കൂടി കിട്ടിയതോടെ മടങ്ങിയെത്തിയവര്‍ കടുത്ത നിരാശയിലായി. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തങ്ങള്‍ക്കെതിരെ ഇത്രയേറെ വിദ്വേഷവും പ്രതികാരവും പുലര്‍ത്തിയിരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് മടങ്ങി വന്ന വിശ്വാസികള്‍ക്കുവേണ്ടി സേവനം ചെയ്യുന്ന ഡൊമിനിക്കന്‍ സന്യാസിനി സി.ഡയാന മോമെക പറയുന്നു. ഭാവനയ്ക്കപ്പുറത്താണ് ഐസിസ് ഇവിടെ ഉണ്ടാക്കിയിരിക്കുന്ന നാശനഷ്ടങ്ങളെന്ന് സിസ്റ്റര്‍ വ്യക്തമാക്കി.

2014 ലാണ് ഐസിസ് ഈ പ്രദേശം കീഴടക്കി ഇവിടെയുള്ള ക്രൈസ്തവരെ പുറത്താക്കിയത്. വടക്കന്‍ ഇറാഖിലെ ഐസിസ് അധിനിവേശത്തോടെ പതിനായിരകണക്കിനാളുകള്‍ ഇവിടെ നിന്നു പലായനം ചെയ്തു. നിനവേയില്‍ നിന്ന് ഐസിസിനെ തുരത്താന്‍ സൈന്യത്തിനു കഴിഞ്ഞതോടെയാണ് ക്രൈസ്തവര്‍ ഇവിടേയ്ക്കു മടങ്ങിയെത്തിയത്. തകര്‍ന്ന പള്ളികളും വീടുകളും പള്ളികളുടെ ഭിത്തികളില്‍ ക്രൈസ്തവര്‍ക്കെതിരെ എഴുതി വച്ചിരിക്കുന്ന ഭീഷണികളും കണ്ട് സ്തബ്ധരായിരിക്കുകയാണു വിശ്വാസികള്‍. പ്രതീക്ഷയോടെയാണു അവര്‍ മടങ്ങി വന്നതെങ്കിലും ഇനിയിവിടെ ക്രൈസ്തവര്‍ക്കു ഭാവിയില്ല എന്നു ചിന്തിക്കാന്‍ അവര്‍ പ്രേരിതരാകുന്നു. തങ്ങളുടെ വിലപിടിപ്പുള്ള പല വസ്തുക്കളും പഴയ അയല്‍ക്കാര്‍ സ്വന്തമാക്കിയിരിക്കുന്നു. ക്രൈസ്തവരുടെ വീടുകള്‍ 75 % വും തീവച്ചു നശിപ്പിച്ചത് ഐസിസിന്‍റെ തണലില്‍ അവിടെ കഴിഞ്ഞ നാട്ടുകാരായ മുസ്ലീങ്ങള്‍ തന്നെയായിരുന്നു. ഒരേ നാട്ടുകാരായി കഴിഞ്ഞിരുന്നവരുടെ വഞ്ചനയാണ് ക്രൈസ്തവര്‍ക്കു കൂടുതല്‍ ഹൃദയഭേദകമായത്. ഫലത്തില്‍ എല്ലാവരും കൂടി ചെയ്തത് ക്രൈസ്തവരുടെ വംശഹത്യ തന്നെയാണ് സിസ്റ്റര്‍ വിശദീകരിച്ചു.

വീടുകള്‍ പുനഃനിര്‍മ്മിച്ച് താമസയോഗ്യമാക്കുക, അയല്‍വാസികളുമായി രമ്യതപ്പെടുക, സുരക്ഷ സ്ഥാപിക്കുക എന്നിവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുക എളുപ്പമല്ലെന്നു നിനവേയിലെ ദുരിതാശ്വാസസംഘടനയുടെ പ്രസിഡന്‍റായ ഫാ.ബെന്‍ഹാം ബെനോക പറഞ്ഞു. അനേകം കുടുംബങ്ങള്‍ ഇറാഖ് വിട്ടു പോകുന്നു. എല്ലാവരും ഇവിടം ഉപേക്ഷിക്കുന്നതിനു മുന്പ് പുനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇവിടെ നിന്നു രക്ഷപ്പെട്ടെങ്കിലും ലെബനോനിലും തുര്‍ക്കിയിലും ജോര്‍ദാനിലും അഭയാര്‍ത്ഥികളായി കുടുങ്ങിക്കിടക്കുന്നവരുടെ സ്ഥിതിയും ഒട്ടും ഭേദമല്ലെന്ന് അദ്ദേഹം അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org