നിയമ പരിഷ്കരണകമ്മീഷന്‍റെ നിലപാടിനെതിരെ സമരപരിപാടികള്‍ തുടരും – അല്മായ നേതൃത്വം

ചര്‍ച്ച് ബില്‍ നടപ്പിലാക്കുന്ന കാര്യം ഗവണ്‍ മെന്‍റിന്‍റെ പരിഗണനയില്‍ ഇല്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പാലാരിവട്ടം പിഒസിയില്‍ കൂടിയ കത്തോലിക്കാ അല്മായ സംഘടനകളുടെ നേതൃയോഗം സ്വാഗതം ചെയ്തു. എന്നാല്‍ സര്‍ക്കാരിന്‍റെ ആഗ്രഹപ്രകാരമാണ് കരട്ബില്‍ തയ്യാറാക്കിയത് എന്ന കമ്മീഷന്‍റെ ബില്ലിലെ പ്രസ്താവനയില്‍ നേതൃ യോഗം ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാരിന്‍റെ നിലപാടുകളെ ധിക്കരിച്ചും ക്രൈസ്തവസഭകളെ വെല്ലുവിളിച്ചും ചര്‍ച്ച് ബില്‍ നടപടികളുമായി മുന്നോട്ടുപോകുന്ന നിയമപരിഷ്കരണ കമ്മീഷന്‍റെ നടപടികളെ യോഗം അപലപിച്ചു. ചര്‍ച്ച് ബില്‍ നടപ്പിലാക്കുകയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ ചര്‍ച്ച് ബില്ലിന്‍റെ കരട് കമ്മീഷന്‍റെ സൈറ്റില്‍നിന്നും നീക്കം ചെയ്യുകയും പ്രസ്തുത ബില്ലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയും ചെയ്യാന്‍ കമ്മീഷന് നിര്‍ദേശം നല്കണമെന്ന് സര്‍ക്കാരിനോട് യോഗം ആവശ്യപ്പെട്ടു. ചര്‍ച്ച് ബില്‍ കമ്മീഷന്‍റെ സൈറ്റില്‍നിന്ന് നീക്കംചെയ്ത് തുടര്‍നടപടികള്‍ അവസാനിപ്പിക്കുന്നതുവരെ സമര പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ അല്മായ നേതൃയോഗം തീരുമാനിച്ചു.

കേരള കാത്തലിക് ഫെഡറേഷന്‍ (കെസിഎഫ്) സംസ്ഥാന പ്രസിഡന്‍റ് പി.കെ. ജോസഫിന്‍റെ അധ്യക്ഷതയില്‍ കൂടിയ അല്മായ നേതൃയോഗം കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെ.സി.എഫ്., എ.കെ.സി.സി., കെ.എല്‍.സി.എ., എം.സി.എ., കെ.സി.വൈ.എം., കെ.സി.സി., ഡി.സി.എം.എസ്. എന്നീ അല്മായ സംഘടനകളുടെ സംസ്ഥാന ഭാരവാഹികളായ അഡ്വ. വര്‍ഗീസ് കോയിക്കര, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്‍റണി, വി.പി. മത്തായി, ചെറിയാന്‍ ചെന്നീര്‍ക്കര, അഡ്വ. ഷെറി ജെ. തോമസ്, മേരിക്കുട്ടി ജെയിംസ്, ബിജു ജോസി, ജയ്മോന്‍ തോട്ടുപുറം, ഫാ. സാജു സി.എസ്.റ്റി, ഫാ. ഷാജു കുമാര്‍, സിറിയക് ചാഴിക്കാടന്‍, അഡ്വ. മാത്യു മൂ ത്തേടന്‍, ജെയ്മോന്‍ തോട്ടുപുറം, ഹെന്‍റി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

അതിനിടെ ചര്‍ച്ച് ബില്ലുമായി ബന്ധപ്പെട്ട സമര മാര്‍ഗ്ഗങ്ങള്‍ സഭ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ വ്യക്തമാക്കി. അനാവശ്യമായി നിര്‍ദ്ദേശിക്കപ്പെട്ട ചര്‍ച്ച് ബില്‍ വിശ്വാസികളുടെ വികാരം മാനിച്ച് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതിനെ കമ്മീഷന്‍ സ്വാഗ തം ചെയ്തു. സഭയിലെ ഒറ്റപ്പെട്ട വിമത ശബ്ദങ്ങളെ മാത്രം മുഖവിലയ്ക്കെടുത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങളോടെ നിയമപരിഷ്കരണ കമ്മീഷന്‍ തയ്യാറാക്കിയ ചര്‍ച്ച് ബില്‍ പ്രസ്തുത കമ്മീഷന്‍റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇത്തരം കമ്മീഷനുകളുടെ ദുരുദ്ദേശ്യപരമായ നീക്കങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ സം വിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമുള്ള വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org