ന്യൂനപക്ഷ വിദ്യാഭ്യാസാവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ്

സംസ്ഥാനത്തെ അദ്ധ്യാപകനിയമനങ്ങള്‍ അംഗീകരിക്കുന്ന കാര്യത്തില്‍ വിദ്യാഭ്യാസവകുപ്പ് കുറ്റകരമായ അനാസ്ഥ കാണിക്കുകയാണെന്ന് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാനസമിതി ആരോപിച്ചു. അധിക തസ്തികകളിലെ നിയമനം സംബന്ധിച്ച കെ.ഇ.ആര്‍. ഭേദഗതിയുടെ പേരില്‍, മറ്റു അദ്ധ്യാപകനിയമനങ്ങളും വ്യാപകമായി തടഞ്ഞു വെക്കുകയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. 1979-നു ശേഷം സ്ഥാപിതമായ വിദ്യാലയങ്ങളിലെ മുഴുവന്‍ നിയമനങ്ങളും തടഞ്ഞു വച്ചിരിക്കുന്നു. ഹ്രസ്വകാല ഒഴിവുകളില്‍ സംരക്ഷിത അദ്ധ്യാപകരെ നിയമിക്കേണ്ട ആവശ്യമില്ലെന്നും അത്തരം ഒഴിവുകളിലെ നിയമനങ്ങള്‍ അംഗീകരിക്കാമെന്നും ഗവണ്മെന്‍റ് വ്യക്തത വരുത്തിയിട്ടും നിയമനങ്ങള്‍ അംഗീകരിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല.

ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ പുതിയ ബാച്ചുകളില്‍ മിനിമം ഉണ്ടായിരിക്കേണ്ട കുട്ടികളുടെ എണ്ണം ഇരട്ടിയാക്കിയതും ജൂനിയര്‍ അദ്ധ്യാപകരുടെ പ്രശ്നങ്ങളും ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ വിധത്തില്‍ വിദ്യാഭ്യാസരംഗത്ത് ന്യൂനപക്ഷവിദ്യാഭ്യാസവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണെന്ന് യോഗം വിലയിരുത്തി. പൊതു വിദ്യാഭ്യാസരംഗത്തെ അദ്ധ്യാപകരുടെ ഗുരുതരപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് ടീച്ചേഴ്സ് ഗില്‍ഡ് എല്ലാ രൂപതകളിലും അദ്ധ്യാപകരുടെ പ്രതിഷേധ സമ്മേളനങ്ങള്‍ നടത്തും. തുടര്‍ന്ന് അദ്ധ്യാപകരുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്നും സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

സമ്മേളനം കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സാലു പതാലില്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ജോസ് ആന്‍ററണി, എം.ആബേല്‍, ഡി.ആര്‍.ജോസ്, ഷാജി മാത്യു, ജെയിംസ് കോശി, മാത്യു ജോസഫ്, സിബി വലിയമറ്റം എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org