പരിസ്ഥിതിലോല നിര്‍ണയം സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം കെ.സി.ബി.സി.

പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോലപ്രദേശങ്ങളുടെ നിര്‍ണയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്ന് പിഒസിയില്‍ ചേര്‍ന്ന കെസിബിസി ജാഗ്രതാ സമിതി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ച് 10-നും 2015 സെപ്തംബര്‍ 4-നും പ്രസിദ്ധീകരിച്ച കരടുവി ജ്ഞാപനമനുസരിച്ച് സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമേഖലയായി കണക്കാക്കപ്പെടും. മുന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി. ഉമ്മന്‍ സമിതിയുടെ ശിപാര്‍ശയില്‍ ഇഎസ്എയും ഇ എസ്എ ഇതരപ്രദേശങ്ങളും ഇടകലര്‍ന്നുകിടക്കുന്നതും, ജനവാസ മേഖലകളുടെയും തോട്ടങ്ങളുടെയും കൃഷിസ്ഥലങ്ങളുടെയും ഇടയിലുള്ള പാറക്കൂട്ടവും അരുവിയും നദികളും സര്‍ക്കാര്‍ഭൂമിയും വനവും ഇഎസ്എ ആയി രേഖപ്പെടുത്തിയിരിക്കുന്നതും കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപിത നിര്‍ദേശത്തിനു വിരുദ്ധമായതിനാല്‍ കേരളത്തിന്റെ നിലപാട് ഏറെ പരുങ്ങലിലാണ്. ഇഎസ്എ നിര്‍ണയത്തില്‍ വില്ലേജുകളാണ് അടിസ്ഥാനഘടകമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാല്‍ ഇത്തരത്തിലൊരു നിര്‍ദേശം കേന്ദ്രസര്‍ക്കാരിനു മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നതും, കേന്ദ്രസര്‍ക്കാരിന്റെ നിയമനുസരിച്ച് വില്ലേജുകളുടെ പുനഃക്രമീകരണമോ മറ്റു പ്രായോഗിക നടപടികളോ മുന്‍സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇക്കാര്യത്തില്‍ ക്രിയാത്മകമായ നടപടി സ്വീകരിക്കുന്നതില്‍ മുന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള വീഴ്ചകള്‍ പരിഹരിച്ച്, കേരളത്തിന്റെ ഭൂപ്രകൃതിയും കാര്‍ഷികസമ്പദ്‌വ്യവസ്ഥയും കണക്കിലെടുത്തുകൊണ്ടുള്ള സത്വരനടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. പരിസ്ഥിതിയെയും കര്‍ഷകരെയും സംരക്ഷിക്കുന്നതും, ഒപ്പം കേരളത്തിന്റെ വികസനവും പൊതുതാത്പര്യവും കണ ക്കിലെടുത്തുകൊണ്ടുള്ളതുമായ നടപടികളാണ് ആവശ്യം. മുഖ്യമന്ത്രിയുടെ അടിയന്തിരശ്രദ്ധ ഇക്കാര്യത്തിലുണ്ടാകണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org