പുതിയ പ്രസിഡന്‍റാണു പ്രശ്നപരിഹാരത്തിനാവശ്യം – യു എന്നിനോടു വെനിസ്വേലന്‍ മെത്രാന്മാര്‍

പുതിയ പ്രസിഡന്‍റാണു പ്രശ്നപരിഹാരത്തിനാവശ്യം – യു എന്നിനോടു വെനിസ്വേലന്‍ മെത്രാന്മാര്‍

വെനിസ്വേലാ നേരിടുന്ന സാമൂഹ്യ, രാഷ്ട്രീയ പ്രതിസന്ധിക്കുള്ള പരിഹാരം പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കുകയാണെന്നു വെനിസ്വേലായിലെ കത്തോലിക്കാ മെത്രാന്മാര്‍ യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറോട് വ്യക്തമാക്കി. പ്രസിഡന്‍റ് നിക്കോളാസ് മാദുറോയുടെ ക്ഷണപ്രകാരമാണ് യുഎന്‍ ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാഷ്ലെറ്റ് വെനിസ്വേലായിലെത്തിയത്. സന്ദര്‍ശനത്തിനിടെ അവര്‍ മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഇരകളായവരുമായും അവരെ സഹായിച്ച സംഘടനകളുമായും സംഭാഷണങ്ങള്‍ നടത്തിയിരുന്നു. അതിന്‍റെ ഭാഗമായി മെത്രാന്‍ സംഘത്തേയും യുഎന്‍ കമ്മീഷണര്‍ സം ഭാഷണങ്ങള്‍ക്കു ക്ഷണിച്ചിരുന്നു. വെനിസ്വേലന്‍ ജനത കടന്നുപോകുന്ന ഗുരുതരമായ പ്രതിസന്ധി വിശദീകരിക്കുന്ന ഒരു പത്രിക മെത്രാന്മാര്‍ ഹൈക്കമ്മീഷണര്‍ക്കു നല്‍കി.

നിക്കോളാസ് മാദുറോയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ഭരണം കടുത്ത ദാരിദ്ര്യത്തിലേയ്ക്കാണു വെനിസ്വേലായെ നയിക്കുന്നതെന്നു പരാതികളുണ്ട്. 2003 മുതല്‍ 160 ഉത്പന്നങ്ങള്‍ക്ക് ഇവിടെ വിലനിയന്ത്രണമുണ്ട്. ഫലത്തില്‍ ഈ സാധനങ്ങളൊന്നും പരസ്യവിപണിയില്‍ കിട്ടുകയില്ല. കരിഞ്ചന്തയില്‍ ഇതെല്ലാം വന്‍ വില കൊടുത്തു വാങ്ങേണ്ട അവസ്ഥയാണു ജനങ്ങള്‍ക്ക്. ഇതു ദാരിദ്ര്യത്തിലും രാജ്യത്തു നിന്നുള്ള കൂട്ടപ്പലായനങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴി വയ്ക്കുന്നുണ്ട്. 2020 ഓടെ 60 ലക്ഷം വെനിസ്വേലാക്കാര്‍ രാജ്യം വിട്ടു പോകുമെന്നാണു കണക്കാക്കിയിട്ടുള്ളത്. ഇത്തരം കുടിയേറ്റങ്ങള്‍ പല തരം മനുഷ്യക്കടത്തുകള്‍ക്കും അടിമത്തങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 2004 മുതല്‍ ഈ പ്രശ്നത്തെ കുറിച്ചു മുന്നറിയിപ്പുകള്‍ നല്‍കി വരികയായിരുന്നു വെനിസ്വേലായിലെ കത്തോലിക്കാസഭയെന്നു മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org