പുതിയ സിനിമയുമായി സ്കോര്‍സെസെ വത്തിക്കാനില്‍

പുതിയ സിനിമയുമായി സ്കോര്‍സെസെ വത്തിക്കാനില്‍

സുപ്രസിദ്ധ ചലച്ചിത്രസംവിധായകനായ മാര്‍ട്ടിന്‍ സ്കോര്‍സെസെ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടു. തന്‍റെ പുതിയ സിനിമയായ സൈലന്‍സ് 300 ഈശോസഭാംഗങ്ങള്‍ക്കു മുന്പില്‍ പ്രദര്‍ശിപ്പിച്ചു. പതിനേഴാം നൂറ്റാണ്ടിലെ ജപ്പാനില്‍ ക്രൈസ്തവര്‍ നേരിട്ട മതമര്‍ദ്ദനമാണ് സൈലന്‍സ് എന്ന സിനിമയുടെ പ്രമേയം. ഈശോസഭാമിഷണറിമാരാണ് മുഖ്യകഥാപാത്രങ്ങള്‍. ഷുസാകു എന്‍ഡോയുടെ ഇതേ പേരിലുള്ള നോവല്‍ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.

തന്‍റെ വ്യക്തിപരമായ വിശ്വാസതീര്‍ത്ഥാടനത്തിലെ ഒരു നിര്‍ണായക ഘട്ടമാണ് ഈ സിനിമയെന്ന് സംവിധായകന്‍ പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ തനിക്കു വഴികാട്ടിയായ വൈദികനെ പോലെ വൈദികനാകാനാഗ്രഹിച്ച് സെമിനാരിയില്‍ ചേര്‍ന്നയാളാണ് സ്കോര്‍സെസെ. മൈനര്‍ സെമിനാരിയില്‍ നിന്ന് ആദ്യ വര്‍ഷം പൂര്‍ത്തിയാക്കാതെ പുറത്തു പോരേണ്ടി വന്നു. ദൈവവിളി വളരെ സവിശേഷമായ ഒരു കാര്യമാണെന്നും അതു കൃത്രിമമായി ഉണ്ടാക്കാനാകില്ലെന്നും പതിനഞ്ചാം വയസ്സില്‍ താന്‍ പഠിച്ചെന്നും പിന്നീട് പല തരം വിശ്വാസസംഘര്‍ഷങ്ങളിലൂടെ കടന്നു പോയി ഒടുവില്‍ കത്തോലിക്കാവിശ്വാസമാണ് ഉത്തമമെന്ന ബോദ്ധ്യത്തില്‍ താന്‍ എത്തിച്ചേരുകയായിരുന്നുവെന്നും സ്കോര്‍സെസെ പറയുന്നു.

"ഞാന്‍ സഭാപണ്ഡിതനല്ല. ത്രിത്വത്തെ കുറിച്ചു വാദിക്കാനറിയാവുന്ന ദൈവശാസ്ത്രജ്ഞനല്ല. ഈ സ്ഥാപനത്തിന്‍റെ രാഷ്ട്രീയത്തിലും എനിക്കു താത്പര്യമില്ല. പക്ഷേ ഉത്ഥാനവും മനുഷ്യാവതാരവും പോലെയുള്ള ആശയങ്ങള്‍, അനുകന്പയുടെയും സ്നേഹത്തിന്‍റെയും സന്ദേശങ്ങള്‍ – അതാണതിന്‍റെ താക്കോല്‍. കുദാശകള്‍ ദൈവത്തോടടുത്തു നില്‍ക്കാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്നു."- ഈശോസഭാ വൈദികര്‍ക്കു നല്‍കിയ അഭിമുഖസംഭാഷണത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു.

സൈലന്‍സ് എന്ന സിനിമയില്‍ നിന്ന്
സൈലന്‍സ് എന്ന സിനിമയില്‍ നിന്ന്

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org