ബൈബിള്‍ പഴയനിയമം പരിഷ്‌കരിക്കുന്നു

മലയാളത്തിലുള്ള സമ്പൂര്‍ണ ബൈബിള്‍ പരിഷ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നിര്‍ദേശപ്രകാരം കേരളസഭയിലെ ബൈബിള്‍ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണു ബൈബിള്‍ പഴയനിയമത്തിന്റെ പരിഷ്‌കരണ ജോലികള്‍ പുരോഗമിക്കുന്നത്. പരിഷ്‌കരിച്ച പിഒസി സമ്പൂര്‍ണ ബൈബിള്‍ മൂന്നു വര്‍ഷം കൊണ്ടു പ്രസിദ്ധീകരിക്കാനാണു പദ്ധതി.
പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (പിഒസി) പ്രസിദ്ധീകരിച്ച പുതിയ നിയമത്തിന്റെ പരിഷ്‌കരണം നേരത്തേ പൂര്‍ത്തിയായിരുന്നു. 1992-ല്‍ പുതിയ നിയമത്തിന്റെ പരിഷ്‌കരണ ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും 2005-ലാണ് ഇതു സജീവമായത്. സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പരിഷ്‌കരിച്ച പതിപ്പ് 2012 ആഗസ്റ്റില്‍ കേരളസഭയ്ക്കു സമര്‍പ്പിച്ചു. ഇപ്പോള്‍ സീറോ മലബാര്‍ കുര്‍ബാനയിലെ പ്രഘോഷണഗ്രന്ഥം പരിഷ്‌കരിച്ച പിഒസി പുതിയനിയമം അടിസ്ഥാനമാക്കിയുള്ളതാണ്.
പരിഷ്‌കരിച്ച പതിപ്പ് നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ വലുതാണ്. വായനാക്ഷമതയ്ക്കായി അക്ഷരങ്ങളുടെ വലിപ്പം കൂട്ടിയിട്ടുണ്ട്. വാക്യനമ്പരുകള്‍ എടുത്തുകാട്ടിയിട്ടുള്ളതും ഓരോ സുവിശേഷത്തിനും വിശദമായ ആമുഖങ്ങള്‍ നല്‍കിയതും കൂടുതല്‍ അടിക്കുറിപ്പുകള്‍ ചേര്‍ത്തതും പ്രത്യേകതയാണ്. പുതിയ നിയമത്തിന്റെ പരിഷ്‌കൃതപതിപ്പ് പരിമിത എണ്ണം മാത്രമാണ് അച്ചടിച്ചത്. ഇതു പൊതുജനങ്ങള്‍ക്കു ലഭ്യമാക്കിയിട്ടില്ല.
കെസിബിസി ബൈബിള്‍ കമ്മീഷന്‍ മുന്‍ സെക്രട്ടറിയും ബൈബിള്‍ പരിഷ്‌കരണ ടീമിന്റെ കോ-ഓര്‍ഡിനേറ്ററുമായ റവ. ഡോ. ജോഷി മയ്യാറ്റില്‍, ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജോണ്‍സണ്‍ പുതുശേരി, റവ. ഡോ. ഏബ്രഹാം പേഴുംകാട്ടില്‍, റവ. ഡോ. ജോസഫ് തൊണ്ടിപ്പറമ്പില്‍, റവ. ഡോ. ജയിംസ് ആനാപറമ്പില്‍, റവ. ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍ എന്നിവരാണു പഴയ നിയമ പരിഷ്‌കരണ ത്തിനായി കെസിബിസി നിയോഗിച്ചിട്ടുള്ള കോര്‍ ടീമിലുള്ളത്. റവ. ഡോ. ജോര്‍ജ് കുരുക്കൂര്‍, ഷെവ. പ്രിമൂസ് പെരിഞ്ചേരി എന്നിവരും 125-ഓളം ബൈബിള്‍ പണ്ഡിതന്മാരും പദ്ധതിയുമായി സഹകരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org