ഭവനങ്ങള്‍ വിശ്വാസപരിശീലനത്തിന്‍റെ പ്രധാന വേദികളാകണം: മാര്‍ ആന്‍റണി കരിയില്‍

ഭവനങ്ങള്‍ വിശ്വാസപരിശീലനത്തിന്‍റെ പ്രധാന വേദികളാകണം: മാര്‍ ആന്‍റണി കരിയില്‍
Published on

വിശ്വാസ പരിശീലനത്തില്‍ അധ്യാപകര്‍ക്കൊപ്പം മാതാപിതാക്കള്‍ക്കും സവിശേഷമായ പങ്കുണ്ടെന്നു എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ അനുസ്മരിപ്പിച്ചു. അതിരൂപതയില്‍ വിശ്വാസപരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

കുട്ടികളെ സംബന്ധിച്ചു വീടുകള്‍ വിശ്വാസ പരിശീലനത്തിന്‍റെ പ്രധാന വേദികളാകണമെന്ന സഭയുടെ ദര്‍ശനം വലിയ പ്രാധാന്യത്തോടെ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകേണ്ട കാലഘട്ടമാണിത്. സാമൂഹ്യമായ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മക്കള്‍ കുടുംബങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും വിശ്വാസത്തെക്കുറിച്ചുള്ള അറിവുകളും അനുഭവങ്ങളും കുടുംബാംഗങ്ങള്‍ക്കൊപ്പം സ്വായത്തമാക്കുകയും ചെയ്യുന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടണം – മാര്‍ കരിയില്‍ സൂചിപ്പിച്ചു.

സഭയെ സ്നേഹിക്കുകയും സമൂഹത്തിനും രാഷ്ട്രത്തിനും മുതല്‍ക്കൂട്ടാകുന്ന ഉത്തമ വ്യക്തികളെ രൂപപ്പെടുത്തുന്നതും വിശ്വാസ പരിശീലന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ്. അതനുസരിച്ചുള്ള പാഠ്യപദ്ധതിയും അനുബന്ധ പ്രവര്‍ത്തനങ്ങളുമാണു വിശ്വാസ പരിശീലനരംഗത്തെ അധ്യാപകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അതിരൂപതാ വിശ്വാസ പരിശീലന കേന്ദ്രം ആവിഷ്കരിച്ചിട്ടുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും നവ്യാനുഭവമാകുമെന്നും മാര്‍ കരിയില്‍ പറഞ്ഞു.

അതിരൂപത വികാരി ജനറാള്‍ റവ. ഡോ. ജോസ് പുതിയേടത്ത്, വിശ്വാസ പരിശീലന കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ, അസിസ്റ്റന്‍റ് ഡയറക്ടര്‍ ഫാ. ഡിബിന്‍ മീമ്പത്താനത്ത്, റവ. ഡോ. ജോസ് മണ്ടാനത്ത് എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org