Latest News
|^| Home -> Kerala -> മദ്യവില്പനക്കാരും മാസപ്പടിക്കാരും ഉപദേശകരാകുന്നത് വിരോധാഭാസം -കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

മദ്യവില്പനക്കാരും മാസപ്പടിക്കാരും ഉപദേശകരാകുന്നത് വിരോധാഭാസം -കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

Sathyadeepam

മദ്യവില്പന നടത്തുന്ന എക്സൈസ് ഡിപ്പാര്‍ട്ടുമെന്‍റും മാസപ്പടി വാങ്ങുന്ന ഉദ്യോഗസ്ഥരും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രക്രിയയില്‍ ഉപദേശകരാകുന്നത് വിരോധാഭാസമാണെന്ന് പാലാ രൂപതാ കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി. ഇടതുപക്ഷ സര്‍ക്കാരിന്‍റെ ജനവിരുദ്ധ മദ്യനയങ്ങള്‍ക്കെതിരെ വിവിധ കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ‘മാനിഷാദ’ ജാഗ്രതാ സമ്മേളനങ്ങളുടെ സമാപന സമ്മേളനമാണ് ഈ ആക്ഷേപം ഉന്നയിച്ചത്.

യഥേഷ്ടം മദ്യം നല്കുകയും നല്‍കുന്നവര്‍ തന്നെ ഉപദേശത്തിന് ഇറങ്ങുകയും ചെയ്യുന്നത് ‘വേശ്യാ സ്ത്രീയുടെ ചാരിത്ര്യപ്രസംഗ’ത്തിന് സമാനമാണ്. ആയതിനാല്‍ ഉപദേശവും ചികിത്സയും ആരോഗ്യവകുപ്പിനെ ഏല്പ്പിക്കണം. മദ്യം നല്‍കിയിട്ട് അതില്‍ നിന്നും 10% തുക ഉപദേശത്തിന് മാറ്റിവയ്ക്കുന്നത് പണം അടിച്ചുമാറ്റാനുള്ള തന്ത്രമാണ്. സര്‍ക്കാരിന്‍റെ ‘ഗീവ് ആന്‍റ് ടേക്ക്’ പോളിസിയുടെ ഭാഗമാണ് മാസാദ്യ ദിനത്തിലെ ഡ്രൈ ഡേ പിന്‍വലിക്കല്‍. ശമ്പളം കൊടുക്കുന്ന ദിവസം തന്നെ മദ്യശാലകള്‍ മുഖേന തിരിച്ചെടുക്കുന്ന നയമാണിത്. സാധാരണ മനുഷ്യനെ യാതൊരുതരത്തിലും സംരക്ഷിക്കില്ല എന്നുള്ള സൂചനയാണ് സര്‍ക്കാരിന്‍റെ മദ്യനയ സമീപനം.

മദ്യവര്‍ജ്ജനം പറയുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരത്തിലേറുമ്പോള്‍ 26 ബാറുകളുണ്ടായിരുന്നത് ഇപ്പോള്‍ 575 ആക്കി ഉയര്‍ത്തി. ഒന്‍പത് മാസങ്ങള്‍കൊണ്ട് 70 ബാറുകളാണ് തുടങ്ങിയത്. ബ്രിട്ടീഷുകാര്‍ പോലും മാനിച്ചിരുന്ന മദ്യശാലയുടെ ദൂരപരിധി ചില കേന്ദ്രങ്ങളില്‍ 50 മീറ്ററാക്കി വെട്ടിച്ചുരുക്കി. കള്ളുഷാപ്പുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പബ്ബുകളും, ബ്രൂവറികളും, നൈറ്റ്ലൈറ്റ് ക്ലബ്ബുകളും തുടങ്ങുവാന്‍ ഈ സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നു. കര്‍ഷകനെ രക്ഷിക്കാനെന്ന പേരില്‍ കുടുംബങ്ങളെ തകര്‍ക്കാന്‍ പഴവര്‍ഗ്ഗ വാറ്റുകേന്ദ്രങ്ങളും സ്ഥാപിക്കാനൊരുങ്ങുന്നു. മാസാദ്യദിനത്തിലെ ഡ്രൈ ഡേ പിന്‍വലിക്കാന്‍ നീക്കം നടത്തുന്നു.

മദ്യവും മയക്കുമരുന്നും മൂലം കഴിഞ്ഞ നാല് വര്‍ഷംകൊണ്ട് ഭവിഷ്യത്തുകളെ നേരിടാന്‍ വേണ്ടി സര്‍ക്കാര്‍ മുടക്കിയ തുക എത്രയെന്നും അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും ഈ കാലയളവില്‍ എത്രയെന്നും നിയമസഭയില്‍ വ്യക്തമാക്കുവാന്‍ എക്സൈസ് വകുപ്പ് മന്ത്രി തയ്യാറാകണം.

17-ന് കുറുപ്പുന്തറയില്‍ ആരംഭിച്ച ‘മാനിഷാദ’ ജാഗ്രതാ സമ്മേളനങ്ങള്‍ കുറവിലങ്ങാട്, രാമപുരം, പൈക, കൊല്ലപ്പള്ളി, മൂന്നിലവ്, ഈരാറ്റുപേട്ട, ഇലഞ്ഞി, പാലാ, മൂലമറ്റം, കടുത്തുരുത്തി എന്നിവിടങ്ങളിലും നടന്നു.

ഡയറക്ടര്‍ ഫാ. മാത്യു പുതിയിടത്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുരുവിള അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബെന്നി കൊള്ളിമാക്കിയില്‍, ജോസ് കവിയില്‍, സാബു എബ്രാഹം, ജോസ് ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Comment

*
*