രാജ്കോട്ടിലെ ഗ്രാമീണര്‍ക്ക് പ്രിയങ്കരനായ “സൈക്കിളച്ചന്‍ “

രാജ്കോട്ടിലെ ഗ്രാമീണര്‍ക്ക് പ്രിയങ്കരനായ “സൈക്കിളച്ചന്‍ “

രാജ്കോട്ടിലെ ജുനഗദ് ഇടവകയിലെ വികാരി ഫാ. വിനോദ് കാനാട്ട് ഗ്രാമീണരുടെ പ്രിയപ്പെട്ട സൈക്കിളച്ചനാണ്. സൈക്കിളില്‍ ഗ്രാമം മുഴുവന്‍ ചുറ്റിക്കറങ്ങുന്ന ഈ വൈദികന്‍ ഗ്രാമീണര്‍ക്കെല്ലാം സമീപസ്ഥനാണ്. ഇടവകാംഗങ്ങളുടെ ജന്മദിനത്തില്‍ ആശംസാകാര്‍ഡുകളുമായി അച്ചന്‍ വീ ട്ടിലെത്തും. രോഗികള്‍ക്കൊപ്പം ആശുപത്രിയില്‍ പോകുന്ന അച്ചന്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണവും എത്തിച്ചു നല്‍കും.

ഫ്ളോറ മസ്കരിനാസ് എന്ന വിധവയുടെ ജന്മദിനത്തില്‍ വീട്ടിലെത്തിയ അച്ചന്‍, അവരുടെ അകാലത്തില്‍ മരണപ്പെട്ട ഭര്‍ത്താവിനുവേണ്ടി പ്രാര്‍ത്ഥിച്ചു. "ഈ വൈദികന്‍ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു" എന്നാണ് ഫ്ളോറയുടെ പിതാവ് ടോണി ഡയസ് പറഞ്ഞത്. സ്കൂള്‍ അധ്യാപകനായിരുന്ന തന്‍റെ മരുമകന്‍ ഹൃദയാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിമിഷം മുതല്‍ അച്ചന്‍ ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്നതായും ടോണി വ്യക്തമാക്കി.

ഇടവകാംഗങ്ങളുടെ വിശേഷ ദിനങ്ങളില്‍ അച്ചന്‍ അവരെ സന്ദര്‍ശിക്കാറുണ്ട്. വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പുറത്തുള്ളവരില്‍ അതാദ്യം അറിയുന്നത് ഈ വൈദികനായിരിക്കും. ഇടവ കകേന്ദ്രീകൃതമായി തങ്ങളുടെ ജീവിതം ഇന്നു തുടരുന്നതിനു കാരണം, ഫാ. കാനാട്ടാണെന്ന് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ വി.ഒ. ഔസേഫ് പറഞ്ഞു. "കാരണം, അച്ചന്‍ എല്ലാ കാര്യങ്ങള്‍ക്കും ഞങ്ങളൊടൊപ്പമുണ്ട്." കര്‍മ്മലിന്‍ ജോസ്ലിന്‍ എന്ന 83 കാരി വീട്ടില്‍ ഒറ്റയ്ക്കാണു താമസം. തനിക്ക് എന്തെങ്കിലും അത്യാവശ്യം വന്നാല്‍ ആദ്യം വിളിക്കുന്നത് ഫാ. കാനാട്ടിനെയാണെന്ന് അവര്‍ പറഞ്ഞു. അസ്പരാന്‍സിയ ഡിസൂസ എന്ന അമ്മയ്ക്ക് മാനസികരോഗമുള്ള, പ്രായപൂര്‍ത്തിയായ രണ്ടു പെണ്‍മക്കളാണുള്ളത്. ഒരു വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതമേറ്റ ഈ വീട്ടമ്മയ്ക്കും മക്കള്‍ക്കും ആവശ്യമായ ഭക്ഷണം ഇടവകക്കാരുടെ സഹകരണത്തോടെ ഫാ. വിനോദ് കാനാട്ട് എത്തിച്ചു നല്‍കുന്നു. രോഗബാധിതരായ അമ്മയെയും മക്കളെയും ആശുപത്രിയില്‍ ചെക്കപ്പിനു കൊണ്ടുപോകുന്നതും ഈ വൈദികനാണ്.

2008 ലാണ് ഇദ്ദേഹം ജുനഗദ് ഇടവവികാരിയായി വന്നത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം സ്ഥലംമാറ്റം ഉണ്ടായെങ്കിലും ഇടവകക്കാരുടെ അഭ്യര്‍ത്ഥന മാനിച്ച് അദ്ദേഹത്തെ വീണ്ടും അവിടെ നിയമിച്ചിരിക്കുകയാണ്. ഇടവകവൈദികര്‍ക്ക് ഫാ. കാനാട്ട് ഒരു മാതൃകയാണെന്ന് രാജ്കോട്ട് രൂപതയുടെ ബിഷപ് ഡോ. ജോസ് ചിറ്റൂപ്പറമ്പില്‍ പറഞ്ഞു. എന്നാല്‍ അസാധാരണമായതൊന്നും താന്‍ ചെയ്യുന്നില്ലെന്നും തന്‍റെ കടമ നിര്‍വഹിക്കുക മാത്രമാണെന്നും 52 കാരനായ ഫാ. വിനോദ് കാനാട്ട് പ്രതികരിച്ചു. പത്തു വര്‍ഷത്തോളം സര്‍ക്കാര്‍ ശമ്പളത്തില്‍ പ്രിന്‍സിപ്പലായിരുന്ന ഫാ. കാനാട്ട് ഉദ്യോഗം രാജിവച്ചാണ് മുഴുവന്‍ സമയ ഇടവക പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org