വനം വകുപ്പിന്‍റെ കര്‍ഷക പീഡനം അവസാനിപ്പിക്കണം -മാര്‍ ഇഞ്ചനാനിയില്‍

താമരശേരി: കുറ്റ്യാടി ജലസേചന പദ്ധതി സ്ഥാപിക്കുന്നതിനു വേണ്ടി സ്വന്തം കിടപ്പാടം വിട്ടു കൊടുത്ത പെരുവണ്ണാമൂഴിയിലെ 41 കുടുംബങ്ങള്‍ക്കു മുതുകാട്ടില്‍ സര്‍ക്കാര്‍ പകരം നല്‍കിയ ഭൂമിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള വനംവകുപ്പിന്‍റെ നീക്കം തികച്ചും അന്യായ നടപടിയെന്നു താമരശേരി രൂപതാ മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍. നിലനില്‍പ്പിനു വേണ്ടി മുതുകാട്ടിലെ കര്‍ഷകജനത ആരംഭിച്ചിരിക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു രൂപതയുടെ സര്‍വ പിന്തുണയും അദ്ദേഹം അറിയിച്ചു. 41 കുടുംബങ്ങളില്‍ പെട്ട കൊമ്മറ്റത്തില്‍ ജോസഫ് എന്ന കര്‍ഷകന്‍ തന്‍റെ വീടിനു ഭീഷണിയായി നിന്ന തേക്കുമരം മുറിച്ചത് ഈരാനായി മില്ലില്‍ കൊണ്ടുപോകാനായി പാസനുവദിക്കാത്തതിന്‍റെ കാരണം വനം വകുപ്പ് വ്യക്തമാക്കണം. 1970-ല്‍ സര്‍വ അധികാരാവകാശങ്ങളോടെ പ്രത്യേക സര്‍ക്കാര്‍ ഉത്തരവോടെയാണു സ്ഥലങ്ങള്‍ 41 കുടുംബങ്ങള്‍ക്കും നല്‍കിയത്. മരവില സ്ഥലത്തിന്‍റെ വിലയില്‍ നിന്നു കുറച്ചശേഷമാണു ഭൂമി കൈമാറ്റമെന്നു ബന്ധപ്പെട്ട രേഖകളില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. കഴിഞ്ഞ 50 വര്‍ഷമായി സര്‍ക്കാര്‍ പകരമായി നല്‍കിയ ഭൂമിയില്‍ ഈ കുടുംബങ്ങള്‍ ജീവിക്കുന്നു. മറ്റു പ്രദേശങ്ങളിലെ ഭൂരേഖകള്‍ ഉദ്ധരിച്ചു കൊണ്ട് ഇവര്‍ താമസിക്കു ന്ന സര്‍ക്കാര്‍ പകരം നല്‍കിയ സ്ഥലങ്ങളും വനത്തിന്‍റെ ഭാഗമാണെന്നു വരുത്തി തീര്‍ക്കാനുള്ള നീക്കം വിലപ്പോവില്ല. ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നാല് വാര്‍ഡുകളിലായി വ്യാപിച്ചു കിടക്കുന്ന മുതുകാട് മേഖല വന സാദൃശ പ്രദേശങ്ങളാണെന്നു വരുത്തി തീര്‍ത്ത് പഴയ ഇ എഫ് എല്ലില്‍ പെടുത്തി വനഭൂമിയാക്കാനുള്ള തന്ത്രമാണു വനംവകുപ്പ് നടത്തുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി അവസാനം വരെ നിലകൊള്ളുമെന്നും ബിഷപ് വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org