വളര്‍ച്ചയുടെ ജൂബിലിപ്രഭയില്‍ സീറോ മലബാര്‍ സഭ

വിശ്വാസികളുടെ എണ്ണം അമ്പതു ലക്ഷം കടന്ന സീറോ മലബാര്‍ സഭ, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലെത്തിയതിന്‍റെ രജത ജൂബിലി സമാപനം ജനുവരി 13 ന് സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്‍റ് തോമസില്‍ നടക്കും. ഒരു വര്‍ഷം നീണ്ടുനിന്ന ജൂബിലിയുടെ സമാപനത്തില്‍ ഇന്ത്യയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ, കല്‍ദായ പാത്രീയാര്‍ക്കീസ്, വത്തിക്കാന്‍ പ്രതിനിധികള്‍ എന്നിവര്‍ക്കു പുറമെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദി നാള്‍ ക്ലീമ്മിസ് കാതോലിക്കാ ബാവ തുടങ്ങിയവരും സഭാപിതാക്കന്മാരും നേതാക്കളും സംബന്ധിക്കും.

സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യ മുഴുവന്‍ അജപാലനാധികാരം ലഭിച്ചതോടെ സഭാചരിത്രത്തിലെ നിര്‍ണായകമായ മുന്നേറ്റത്തിനു കൂടിയാണു ജൂബിലി സമാപനം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്തു രൂപതകള്‍ ഇല്ലാത്ത മേഖലകളില്‍ സഭാവിശ്വാസികള്‍ക്കായി സ്വതന്ത്രമായി അജപാലന സംവിധാനങ്ങള്‍ ഒരുക്കാനുള്ള അനുമതി ലഭിച്ചു. തെലുങ്കാനായിലെ ഷംഷാബാദ് ആസ്ഥാനമായി പുതിയതായി ആരംഭിച്ച രൂപതയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. തമിഴ്നാട്ടിലെ ഹൊസൂരിലും പുതിയ രൂപതകള്‍ സ്ഥാപിതമായതോടെ സീറോ മലബാര്‍ സഭയിലെ രൂപതകളുടെ എണ്ണം 34-ലെത്തി. കൂരിയ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉള്‍പ്പെടെ സഭയില്‍ ഇപ്പോള്‍ 62 മെത്രാന്മാരുണ്ട്. ഇതില്‍ 16 പേര്‍ വിരമിച്ചവരും 10 പേര്‍ സഹായമെത്രാന്മാരുമാണ്.

ഇന്ത്യയ്ക്കുള്ളില്‍ മാത്രം സീറോ മലബാര്‍ സഭാ രൂപതകള്‍ 31 ആണ്. ചിക്കാഗോ, മെല്‍ബണ്‍, ഗ്രേറ്റ് ബ്രിട്ടണ്‍ എന്നിവയാണ് ഇന്ത്യയ്ക്കു പുറത്തുള്ള സീറോ മലബാര്‍ രൂപതകള്‍. കാനഡയില്‍ മിസി സാഗ ആസ്ഥാനമായി എക്സാര്‍ക്കേറ്റും ന്യൂസിലാന്‍ഡിലും യൂറോപ്പിലും ഇപ്പോള്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍മാരും സഭയ്ക്കുണ്ട്. ഇറ്റലി, അയര്‍ലന്‍ഡ്, ഓസ്ട്രിയ, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയുള്‍പ്പെടുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സഭയുടെ അജപാലന പ്രവര്‍ത്തനങ്ങളെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററാണ് ഏകോപിപ്പിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org