വൈദികര്‍ തിരഞ്ഞെടുപ്പില്‍ പക്ഷം പിടിക്കരുതെന്ന് ഇടുക്കി ബിഷപ്

Published on

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ വൈദികര്‍ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സജീവമായി പങ്കാളികളാകരുതെന്ന് ഇടുക്കി രൂപതാ ബിഷപ് ജോണ്‍ നെല്ലിക്കുന്നേല്‍ രൂപതയിലെ വൈദികര്‍ക്കയച്ച കത്തിലൂടെ ആവശ്യപ്പെട്ടു. ഇംഗ്ലീഷിലെഴുതിയ കത്തിന്‍റെ പരിഭാഷ:

"പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പു സമീപിക്കുമ്പോള്‍ ആകാംക്ഷകളും പക്ഷം ചേരലുകളും ചിലപ്പോള്‍ അനുചിതമായ വാക്പ്രയോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇവ നമുക്കെല്ലാം ദോഷം ചെയ്യും. ആടുകളുടെ മണമുള്ള ഇടയന്മാരാകാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണു നാം. നമ്മുടെ ജനങ്ങളുടെ ആത്മീയനേതാക്കള്‍ എന്ന നിലയില്‍ നാം ഏതെങ്കിലും പക്ഷത്തിന് അനുകൂലമായ യാതൊരു നിലപാടും സ്വീകരിക്കരുത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ സജീവമായി പങ്കുചേരുന്നത് നമ്മുടെ ജനങ്ങള്‍ ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പില്‍ തീരുമാനങ്ങളെടുക്കാനുള്ള ബുദ്ധി നമ്മുടെ ജനങ്ങള്‍ക്കുണ്ട്.

ഉപവിയുടെയും ഐക്യത്തിന്‍റെയും അടയാളങ്ങളാകാന്‍ ദൈവത്തിനു മുമ്പാകെ കടമയുള്ളവരാണു നമ്മളെല്ലാം. അതിനാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍, പ്രസ്താവനകള്‍, യോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം വിട്ടുനില്‍ക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നമ്മുടെ വാക്കുകളും പ്രവൃത്തികളും കൊണ്ട് വിശ്വാസികള്‍ക്കും പൊതുജനങ്ങള്‍ക്കും യാതൊരു ഉതപ്പുകളും നല്‍കരുത്. പൊതുവായ മാര്‍ഗനിര്‍ദേശങ്ങള്‍ കെസിബിസി നല്‍കും, നാം അതിനെ ആദരിക്കണം. സ്നേഹമുള്ള അച്ചന്മാരേ, നോമ്പിന്‍റെ യഥാര്‍ത്ഥ ചൈതന്യത്തോടെ നമുക്കു നമ്മുടെ അജപാലനദൗത്യത്തില്‍ സജീവമായി പങ്കുചേരാം."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org