സംസ്ഥാന സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിരുദ്ധ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം

സംസ്ഥാന സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ക്കെതിരെ സമരപരിപാടികള്‍ ആരംഭിക്കാന്‍ കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് നേതൃയോഗം തീരുമാനിച്ചു. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളെ അവഗണിച്ചുകൊണ്ടുള്ള കെ.ഇ.ആര്‍. ഭേദഗതി നടപ്പാക്കാനുള്ള സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. അധ്യാപകരുടെ പെന്‍ഷന്‍ കണക്കാക്കുന്നതിന് ബ്രോക്കണ്‍ സര്‍വ്വീസുകള്‍ പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് പ്രതിഷേധാര്‍ഹമാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുമെന്ന് തെരെഞ്ഞെടുപ്പ് വാഗ്ദാനം നല്കിയിരുന്ന ഇടതുമുന്നണി സര്‍ക്കാര്‍ നിലവിലുള്ള പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്നതിന് കൂട്ടു നില്ക്കുകയാണ്. 2014 മുതല്‍ നിയമിതരായ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരടക്കം വലിയൊരു വിഭാഗം അധ്യാപകര്‍ ദിവസവേതനം പോലുമില്ലാതെ ജോലി ചെയ്യുകയാണ്. സര്‍ക്കാരിന്‍റെ ഈ നിലപാടുകള്‍ക്കെതിരെ ലഘുലേഖകള്‍ വിതരണം ചെയ്യാനും മേഖലാ രൂപതാ കണ്‍വെന്‍ഷനുകള്‍ സം ഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ഫെബ്രുവരി 23, 24 തീയതികളില്‍ തൃശൂരില്‍ നടത്തുന്ന സംസ്ഥാനസമ്മേളനത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കും. 24-ാം തീയതി നടക്കുന്ന സമരപ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി അയ്യായിരത്തോളം അധ്യാപകര്‍ പങ്കെടുക്കും. കേരള കത്തോലിക്കാ സഭ ആസ്ഥാനമായ എറണാകുളത്തെ പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന പ്രസിഡന്‍റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ടീച്ചേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറി സാലു പതാലില്‍, സി.ടി. വര്‍ഗീസ്, ജെസി. ഇ.സി., ജോസ് ആന്‍റണി, സജി ജോണ്‍ എന്നിവര്‍ പ്ര സംഗിച്ചു. ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന ഭാരവാഹി കള്‍, എക്സിക്യൂട്ടീവ് അംഗങ്ങള്‍, വിവിധ രൂപതാ പ്രസിഡന്‍റുമാര്‍, മാനേജുമെന്‍റ്പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org