സഭയ് ക്കെതിരായ കുപ്രചരണങ്ങളെ ഒറ്റക്കെട്ടായി നേരിടും : മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

Published on

മാനന്തവാടി: കൊട്ടിയൂര്‍ സംഭവത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കും നിയമവ്യവസ്ഥയ്ക്കും പൂര്‍ണ്ണപിന്തുണ പ്രഖ്യാപിച്ചിട്ടും സഭാസമൂഹത്തെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതിനെ വിശ്വാസസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മാനന്തവാടി രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്‍റെ അടിയന്തിരയോഗം വ്യക്തമാക്കി. വിശുദ്ധ ജീവിതം നയിക്കുന്ന ആയിരക്കണക്കിന് വൈദികരെയും സന്ന്യാസിനികളെയും സംശയത്തിന്‍റെ പുകമറയ്ക്കു പിന്നില്‍ നിര്‍ത്തി മനഃപൂര്‍വം അവഹേളിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. സത്യവിരുദ്ധമായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് നിയമവിദഗ്ധരുടെ സമിതിയെ ചുമതലപ്പെടുത്തി.
ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്‍റെയും വേദനയില്‍ പങ്കുചേരുന്നതിനോടൊപ്പം തന്നെ പ്രസ്തുത സംഭവങ്ങള്‍ക്ക് പിന്നിലെ കുറ്റക്കാര്‍ക്ക് ഇന്ത്യന്‍ ഭരണഘടന നിഷ്കര്‍ഷിക്കുന്ന പ രമാവധി ശിക്ഷ നല്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു.
കൊട്ടിയൂര്‍ ഇടവകയില്‍ നടന്ന സംഭവത്തില്‍ രൂപതാ നേതൃത്വം തുടക്കംമുതലേ കൈക്കൊണ്ട നിലപാടുകള്‍ പ്രശംസനീയമാണ്. ഈ വിഷയത്തില്‍ രൂപതാധികാരികള്‍ കൈക്കൊണ്ട നടപടികള്‍ വിശ്വസനീയവും സുതാര്യവുമായിരുന്നുവെന്ന് സമിതി വിലയിരുത്തി.
സഭാധികൃതര്‍ക്കും സംവിധാനങ്ങള്‍ക്കുമെതിരെ നിക്ഷിപ്തതാത്പര്യങ്ങളോടെയുള്ള നീക്കങ്ങളെ എന്തു വിലകൊടുത്തും തടയുമെന്നും ഇക്കാര്യത്തില്‍ സഭാനേതൃത്വത്തിന് സകല പിന്തുണയും നല്കുമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ പ്രഖ്യാപിച്ചു.
രൂപതാമെത്രാന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ. ജോര്‍ജ് ജോസഫ്, അഡ്വ. ജോര്‍ജ് ടി., എന്‍.ഡി. അപ്പച്ചന്‍, പി.എം. ജോയ്, കെ. എല്‍. പൗലോസ്, ജോണ്‍സണ്‍ തൊഴുത്തിങ്കല്‍, സജി മാത്യു നരിവേലില്‍, ബെന്നി വെട്ടിക്കല്‍, അഡ്വ. ബാബു സിറിയക് ജോസ് പള്ളത്ത്, സാലു മേച്ചേരില്‍, ഗ്രേസി ജേ ക്കബ്, ബീന ജോസഫ്, സെ ബാസ്റ്റ്യന്‍ പാലംപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org