സ്വീഡന്‍: ലൂഥറന്‍ കത്തീഡ്രലില്‍ കത്തോലിക്കാ കുര്‍ബാനയ്ക്കു സൗകര്യം

സ്വീഡന്‍: ലൂഥറന്‍ കത്തീഡ്രലില്‍  കത്തോലിക്കാ കുര്‍ബാനയ്ക്കു സൗകര്യം

സ്വീഡനിലെ ലൂഥറന്‍ സഭയുടെ പ്രസിദ്ധമായ ലുണ്ട് കത്തീഡ്രലില്‍ വി. കുര്‍ബാനയര്‍പ്പിക്കാന്‍ കത്തോലിക്കര്‍ക്കു സൗകര്യമൊരുക്കി. ലുണ്ടിലെ കത്തോലിക്കരുടെ ഇടവക ദേവാലയമായ സെ. തോമസ് അക്വീനാസ് പള്ളിയില്‍ പുനരുദ്ധാരണ ജോലികള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് പകരം കുര്‍ബാനയ്ക്ക് ലൂഥറന്‍ കത്തീഡ്രല്‍ വിട്ടു കൊടുക്കുന്നത്. കത്തോലിക്കാ പള്ളിയുടെ നവീകരണ ജോലികള്‍ പൂര്‍ത്തിയാകുന്നതുവരെ കുര്‍ബാന ഈ കത്തീഡ്രലിലായിരിക്കും.

കത്തോലിക്കാ-പ്രൊട്ടസ്റ്റന്‍റ് ശത്രുതയുടെ ഒരു പ്രധാന കേന്ദ്രമായിരുന്നു ഒരു കാല ത്ത് ലുണ്ട് കത്തീഡ്രല്‍. 2016 -ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീഡന്‍ സന്ദര്‍ശിക്കുമ്പോള്‍ ഈ കത്തീഡ്രലില്‍ എത്തുകയും ഒരു സഭൈക്യ പ്രാര്‍ത്ഥനാശുശ്രൂഷയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം കത്തോലിക്കരോടു കൂടുതല്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീഡനിലെ ലൂഥറന്‍ സഭ പുലര്‍ത്തുന്നത്.

ഈ തീരുമാനത്തില്‍ ഇരുസഭകളിലെയും ജനങ്ങള്‍ വലിയ ആവേശത്തിലാണെന്ന് കത്തോലിക്കാ വികാരി ഫാ.യോഹാന്‍ ലിന്‍റന്‍ പറഞ്ഞു. പള്ളിപണിയുടെ സാഹചര്യത്തിലുണ്ടാക്കിയ ഒരു പ്രായോഗിക പരിഹാരം മാത്രമല്ല ഇത്. പേപ്പല്‍ സന്ദര്‍ശനത്തിന്‍റെയും സഭൈക്യ സംയുക്ത പ്രസ്താവനയുടെയും ഒരു സദ്ഫലമായി തന്നെ ഇതിനെ കാണേണ്ടതുണ്ട്. സംഘര്‍ഷത്തില്‍ നിന്നു കൂട്ടായ്മയിലേയ്ക്കു നീങ്ങുകയാണു സഭകള്‍.

പേപ്പല്‍ സന്ദര്‍ശനത്തിനു ശേഷം സ്വീഡനിലെ സഭൈക്യരംഗത്തു വലിയ മാറ്റങ്ങള്‍ ദൃശ്യമാണെന്ന് സ്റ്റോക്ക്ഹോം അതിരൂപതാ വക്താവ് ക്രിസ്റ്റീ നഹെല്‍നെര്‍ പറഞ്ഞു. വിവിധ സഭകളുടെ ഇടവകകള്‍ ഇപ്പോള്‍ ചിന്തിക്കുന്നത് തങ്ങളെ വേര്‍തിരിക്കുന്നത് എന്ത് എന്നതല്ല. മറിച്ച് തങ്ങളെ ഐക്യപ്പെടുത്തുന്ന ജ്ഞാനസ്നാനം, സുവിശേഷം, പ്രാര്‍ത്ഥന തുടങ്ങിയവയെ കുറിച്ചാണ്. പേപ്പല്‍ സന്ദര്‍ശനത്തിനു ശേഷം ലുണ്ടിലെ കത്തോലിക്കരും പ്രൊട്ടസ്റ്റന്‍റുകാരും എല്ലാ ശനിയാഴ്ചകളിലും ഒന്നിച്ച് വേസ്പര നടത്തി വരുന്നുണ്ട്. കത്തോലിക്കാസഭ അംഗസംഖ്യയില്‍ വളര്‍ച്ച രേഖപ്പെടുത്തുന്ന ഒരു സ്ഥലം കൂടിയാണ് ലുണ്ട്. ഏതാണ്ട് 85 രാജ്യങ്ങളില്‍ നിന്നു ജോലിക്കും പഠനത്തിനുമായി എത്തിയിരിക്കുന്ന കത്തോലിക്കര്‍ അധിവസിക്കുന്ന പ്രദേശമാണിത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org