അള്‍ത്താരാഭിമുഖ കുര്‍ബാന: നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നു വത്തിക്കാന്‍

വിശ്വാസികള്‍ നോക്കുന്ന ദിശയില്‍ തന്നെ നോക്കി കുര്‍ബാനയര്‍പ്പിക്കണമെന്ന നിര്‍ ദേശം വൈദികര്‍ക്കു നല്‍കിയിട്ടില്ലെന്നു വത്തിക്കാന്‍ വിശദീകരിച്ചു. ദൈവികാരാധനാ-കൂദാശാ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ ലണ്ടനില്‍ ലിറ്റര്‍ജിയെക്കുറിച്ചു നടത്തിയ ഒരു സമ്മേളനത്തില്‍ ചെയ്ത പ്രസ്താവനകള്‍ക്കുള്ള വിശദീകരണമാണ് വത്തിക്കാന്‍ ഇപ്പോള്‍ നല്‍കിയത്. സാദ്ധ്യമാകുന്നിടത്തെല്ലാം വിവേകപൂര്‍വം, ആവശ്യമായ മതബോധനം നല്‍കിയ ശേഷം അള്‍ത്താരാഭിമുഖമായി ബലിയര്‍പ്പിക്കണമെന്നു കാര്‍ഡിനല്‍ നിര്‍ദേശിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍. കാര്‍ഡിനലിന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും ദിവ്യകാരുണ്യരഹസ്യത്തോടു മതിയായ ആദരവും ആരാധനയും പ്രകടമാക്കണമെന്നാണ് കാര്‍ഡിനല്‍ ഉദ്ദേശിച്ചതെന്നും വത്തിക്കാന്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
ജനങ്ങളും വൈദികരും ഒരുമിച്ചു കിഴക്കോട്ട് അഥവാ അള്‍ത്താരയിലേയ്ക്കു നോക്കി ബലിയര്‍പ്പിക്കുന്നത് ഇപ്പോഴത്തെ നിയമപ്രകാരം അനുവദനീയമാണെന്നു തന്‍റെ പ്രസംഗത്തില്‍ കാര്‍ഡിനല്‍ സൂചിപ്പിച്ചിരുന്നു. അജപാലനപരമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാകണം ഇത് എപ്പോള്‍ എപ്രകാരം ആരംഭിക്കേണ്ടതെന്നു വൈദികര്‍ നിശ്ചയിക്കേണ്ടതെന്നും കാര്‍ഡിനല്‍ പറഞ്ഞു.
എന്നാല്‍, ജനാഭിമുഖമായി കുര്‍ബാനയര്‍പ്പിക്കുന്നതാണു സ്വീകാര്യമെന്നും അള്‍ത്താര ഭിത്തിയില്‍ നിന്നു വേര്‍പെടുത്തി, ഇടയിലൂടെ നടക്കാന്‍ കഴിയുന്ന രീതിയില്‍ നിര്‍മ്മിക്കണമെന്നും റോമന്‍ കുര്‍ബാനക്രമത്തിനുള്ള പൊതുനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ളതായി വത്തിക്കാന്‍ വക്താവ് ഓര്‍മ്മിപ്പിച്ചു. ലിറ്റര്‍ജിയെ സംബന്ധിച്ചു പറയുമ്പോള്‍ "പരിഷ്കാരത്തിന്‍റെ പരിഷ്കാരം" പോലുള്ള പ്രയോഗങ്ങള്‍ ഒഴിവാക്കണമെന്നും അതു തെറ്റിദ്ധാരണ പരത്താന്‍ ഇടയാക്കുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ഫ്രാന്‍സിസ് മാര്‍പാപ്പ അനുവദിച്ച ഒരു ഹ്രസ്വമായ അഭിമുഖത്തിനിടെ കാര്‍ഡിനല്‍ റോബര്‍ട്ട് സാറാ പൂര്‍ണമായി അംഗീകരിച്ചിട്ടുള്ളതായും വത്തിക്കാന്‍ വക്താവ് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org