ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരോട് ഐക്യദാര്‍ഢ്യം

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു ഭാരതത്തില്‍ കുടിയേറിയിട്ടുള്ളവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാംഗ്ലൂര്‍ അതിരൂപത. ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ ഭാരതത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ആക്രമിക്കപ്പെടുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ബാംഗ്ലൂരില്‍ ആഫ്രിക്കന്‍ വംശജരുടെ സമ്മേളനം സംഘടിപ്പിച്ചത്. ബാംഗ്ലൂരിലെ സെന്‍റ് ജോസഫ്സ് ബോയ്സ് സ്കൂളില്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നൂറില്‍ പരം പേര്‍ പങ്കെടുത്തു.
ആഫ്രിക്കയില്‍ നിന്നുള്ളവര്‍ ദൈവത്തിന് അമൂല്യരും തങ്ങള്‍ക്കു പ്രിയപ്പെട്ടവരുമാണെന്ന് സമ്മേളനത്തില്‍ പ്രസംഗിക്കവേ ബാംഗ്ലൂര്‍ ആര്‍ച്ചുബിഷപ് ബെര്‍ണാഡ് മൊറസ് പറഞ്ഞു. യാതൊരുവിധ സംവരണങ്ങളുമില്ലാതെ ആഫ്രിക്കന്‍ ജനതയെ തങ്ങള്‍ സ്വാഗതം ചെയ്യുന്നതായും ആര്‍ച്ചുബിഷപ് വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ആര്‍ച്ചുബിഷപ് ബെര്‍ണാഡ് മൊറസ് അതിരൂപതാ തലത്തില്‍ കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള കമ്മീഷന്‍ രൂപീകരിച്ചിരുന്നു. ഇതര രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് "വീട്ടില്‍ ആയിരിക്കുന്ന അനുഭവം" പ്രദാനം ചെയ്യുകയായിരുന്നു ലക്ഷ്യം. ന്യൂ ഡല്‍ഹി അടക്കമുള്ള ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആഫ്രിക്കക്കാരും മറ്റും ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഇത്. കുടിയേറ്റക്കാരായ വിദേശികളില്‍ ചിലര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു പിടിക്കപ്പെട്ട പശ്ചാത്തലത്തില്‍ മിക്കയിടത്തും എല്ലാവരെയും ജനങ്ങള്‍ സംശയത്തോടെ വീക്ഷിക്കുന്ന അവസ്ഥയും സംജാതമായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org