ആമസോണ്‍ വെളിപാടിന്‍റെ സ്രോതസ്സെന്ന പരാമര്‍ശം തെറ്റ് കാര്‍ഡിനല്‍ മ്യൂള്ളര്‍

ആമസോണ്‍ വെളിപാടിന്‍റെ സ്രോതസ്സെന്ന പരാമര്‍ശം തെറ്റ് കാര്‍ഡിനല്‍ മ്യൂള്ളര്‍

വരുന്ന ഒക്ടോബറിലെ ആമസോണ്‍ മെത്രാന്‍ സിനഡിനൊരുക്കമായി പുറപ്പെടുവിച്ചിരിക്കുന്ന കര്‍മ്മരേഖയിലെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ വത്തിക്കാന്‍ വിശ്വാസകാര്യാലയം അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ജെരാര്‍ദ് മ്യുള്ളര്‍ രംഗത്തെത്തി. ആമസോണ്‍ മേഖല ദൈവികവെളിപാടിന്‍റെ സവിശേഷ സ്രോതസ്സാണെന്നു രേഖയില്‍ പറയുന്നത് തെറ്റായ പഠനമാണെന്നു കാര്‍ഡിനല്‍ വ്യക്തമാക്കി. പരിശുദ്ധ സുവിശേഷവും അപ്പസ്തോലിക പാരമ്പര്യവും മാത്രമാണ് വെളിപാടിന്‍റെ സ്രോതസ്സുകളെന്നും ചരിത്രം പുരോഗമിക്കുമ്പോള്‍ അതിലേയ്ക്ക് ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ലെന്നും കത്തോലിക്കാസഭ അപ്രമാദിത്വത്തിന്‍ കീഴില്‍ 2000 വര്‍ഷങ്ങളായി പഠിപ്പിച്ചു വരുന്നതാണെന്നു കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. ആമസോണ്‍ സിനഡിനൊരുക്കമായ രേഖ തയ്യാറാക്കിയവരുടെ സദുദ്ദേശ്യത്തിലും സന്മനസ്സിലും താന്‍ വിശ്വസിക്കുന്നുവെന്നും എന്നാല്‍ അതിന്‍റെ രൂപത്തിലും ഉള്ളടക്കത്തിലുമുള്ള ബലഹീനതകളെ കാണാതിരിക്കാനാവില്ലെന്നും കാര്‍ഡിനല്‍ പറഞ്ഞു.

ആമസോണോ മറ്റേതെങ്കിലും ആദിവാസി പ്രദേശമോ വെറുമൊരു ഭൗമഭാഗം മാത്രമല്ലെന്നും ചരിത്രത്തിലെ ദൈവത്തിന്‍റെ അനുഭവത്തിന്‍റേയോ വിശ്വാസത്തിന്‍റെ അര്‍ത്ഥത്തിന്‍റേയോ ഒരിടമാണെന്നും രേഖയില്‍ പറയുന്നുണ്ട്. "പ്രദേശം ഒരു ദൈവശാസ്ത്രയിടമാണ്. അവിടെ വിശ്വാസം ജീവിക്കുന്നു. അതു ദൈവത്തിന്‍റെ വെളിപാടിന്‍റെ സവിശേഷ സ്രോതസ്സുമാണ്. ഭൂഗോളത്തിനു വേണ്ടി ആവിഷ്കൃതമാകുന്നതും ദൈവത്തെ കുറിച്ചു സംസാരിക്കുന്നതുമായ ജീവനും ജ്ഞാനവും സൂക്ഷിക്കപ്പെടുന്ന ദൈവികവെളിപാടിന്‍റെ പ്രദേശങ്ങള്‍," രേഖയില്‍ വിശദീകരിച്ചിരിക്കുന്നു.

ഇനിയൊരു പരസ്യവെളിപാടിനായി സഭ കാത്തിരിക്കുന്നില്ലെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ദൈവികവെളിപാടിനെ കുറിച്ചുള്ള പ്രമാണരേഖയില്‍ വ്യക്തമാക്കിയിരിക്കുന്നതായി കാര്‍ഡിനല്‍ ഓര്‍മ്മിപ്പിച്ചു. സമഗ്രവികസനം, സിനഡല്‍ മാര്‍ഗം, ആളുകളിലേയ്ക്കെത്തുന്ന സഭ തുടങ്ങിയ പദപ്രയോഗങ്ങളുടെ നിര്‍വചനങ്ങളില്‍ അവ്യക്തതയുണ്ടെന്നും അവ പൊതുവില്‍ അമിതമായി ഉപയോഗിച്ചിട്ടുണ്ടെന്നും കര്‍മ്മരേഖയെ വിലയിരുത്തി കാര്‍ഡിനല്‍ പറഞ്ഞു. ആദിവാസി ദൈവശാസ്ത്രം, പരിസ്ഥിതി ദൈവശാസ്ത്രം തുടങ്ങിയ പരാമര്‍ശങ്ങളേയും കാര്‍ഡിനല്‍ വിമര്‍ശിച്ചു.

ദൈവശാസ്ത്രമെന്നാല്‍ ദൈവവചനത്തിലും സഭയുടെ വിശ്വാസപ്രഖ്യാപനത്തിലുമുള്ള ദൈവികവെളിപാടിനെ മനസ്സിലാക്കലാണ്. ലൗകിക വികാരങ്ങളും ലൗകിക കാഴ്ചപ്പാടുകളും നിരന്തരം പുതുതായി മിശ്രണം ചെയ്യുന്നതല്ല. ആമസോണിയന്‍ പ്രപഞ്ച ദര്‍ശനത്തിനു വേണ്ടി സഭാപിതാക്കന്മാരുടേയോ ആധുനിക ദൈവശാസ്ത്രത്തിന്‍റേയോ തത്വചിന്തയുടേയോ സഭാസൂനഹദോസുകളുടേയോ വിജ്ഞാനത്തെ ഉപേക്ഷിക്കാനാവില്ല – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org