ഇറാഖിലെ അഭയാര്‍ത്ഥിക്യാമ്പില്‍ മൂന്നു വൈദികര്‍ അഭിഷിക്തരായി

ഇറാഖിലെ അഭയാര്‍ത്ഥിക്യാമ്പില്‍ മൂന്നു വൈദികര്‍ അഭിഷിക്തരായി

കടുത്ത ദുരിതങ്ങള്‍ക്കും ദുഃഖങ്ങള്‍ക്കുമിടയില്‍ ഇറാഖിലെ കത്തോലിക്കാസഭയ്ക്കു വലിയ ആഹ്ലാദം പകര്‍ന്നുകൊണ്ടു മൂന്നു പേര്‍ വൈദികരായി അഭിഷിക്തരായി. എര്‍ബിലിലെ അഭയാര്‍ത്ഥിക്യാമ്പില്‍ നിര്‍മ്മിച്ച താത്കാലിക പള്ളിയിലായിരുന്നു തിരുപ്പട്ടവും പുത്തന്‍ കുര്‍ബാനയും. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ആക്രമണങ്ങളെ തുടര്‍ന്നു ഭവനരഹിതരായ 5,500 പേര്‍ താമസിക്കുന്ന അഭയാര്‍ത്ഥിക്യാമ്പാണിത്.
ഫാ. റോണി സലിം മോമിക, ഫാ. ഇമാദ്, ഫാ. പെട്രോസ് എന്നിവരാണ് ഇറാഖിലെ സിറിയന്‍ കത്തോലിക്കാ സഭയ്ക്കുവേണ്ടി വൈദികരായത്. രണ്ടു വര്‍ഷം മുമ്പാണ് ഈ വൈദികര്‍ ഐസിസ് ആ ക്രമണത്തെ തുടര്‍ന്നു സ്വന്തം നാടുവിട്ടുപോകാന്‍ നിര്‍ബന്ധിതരായത്. അതിനും നാലു വര്‍ഷം മുമ്പ് മോസുള്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളായിരിക്കെ ബസില്‍ നടന്ന ബോം ബാക്രമണത്തില്‍ ഫാ. മോമികയ്ക്കും സഹോദരിക്കും പരിക്കേറ്റിരുന്നു. കാരഖോഷില്‍ മൂന്നു വൈദികരും പഠിക്കുകയായിരുന്ന സെമിനാരി 2014-ല്‍ അടച്ചു. തുടര്‍ന്നു ലെബനോനിലെ ഹരിസയിലുള്ള സെമിനാരിയിലാണ് ഇവര്‍ വൈദിക പഠനം പൂര്‍ത്തിയാക്കിയത്. പഠനം പൂര്‍ത്തിയാക്കി കഴിഞ്ഞ മാര്‍ച്ചില്‍ ഇറാഖില്‍ മടങ്ങിയെത്തിയ ഇവര്‍ ഡീക്കന്മാരായി സേവനം ചെയ്തു വരികയായിരുന്നു. മോസുളിലെയും കിര്‍കുകിലെയും കുര്‍ദിസ്ഥാനിലെയും സിറിയന്‍ കത്തോലിക്കരുടെ അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് യോഹന്നോ പെട്രോസ് മോശെയാണ് അഭിഷേകകര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികനായത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org