ഓപൂസ് ദേയിക്കു പുതിയ മേധാവി

ഓപൂസ് ദേയിക്കു പുതിയ മേധാവി

ഓപൂസ് ദേയിയുടെ പുതിയ മേധാവിയായി മോണ്‍.ഫെര്‍ണാണ്ടോ ഒകാരിസ് ബ്രാന തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് മാര്‍പാപ്പ അംഗീകരിച്ചു. ഓപൂസ് ദേയിയുടെ സ്ഥാപകനായ വി. ജോസ്മരിയ എസ്ക്രൈവയുടെ മൂന്നാമത്തെ പിന്‍ഗാമിയാണ് മോ ണ്‍. ഫെര്‍ണാണ്ടോ. വി.ജോസ് മരിയ എസ്ക്രൈവയ്ക്കു ശേഷം ഓപൂസ് ദേയി അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ബിഷപ് ജാവിയെര്‍ എച്ചെവരിയായുടെ ഉപമേധാവിയായിരുന്നു മോണ്‍. ഫെര്‍ണാണ്ടോ. ബിഷപ് എച്ചെവരിയ കഴിഞ്ഞ മാസം നിര്യാതനായതിനെ തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പു വേണ്ടി വന്നത്. ഫ്രാന്‍സില്‍ കുടിയേറിയ ഒരു സ്പാനിഷ് കുടുംബത്തിലെ അംഗമാണ് പു തിയ ഓപൂസ് ദേയി അദ്ധ്യക്ഷന്‍. റോമിലെ ഓപൂസ് ദേയി സ്ഥാപനമായ ഹോളി ക്രോസ് പൊന്തിഫിക്കല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപക പ്രൊഫസര്‍മാരില്‍ ഒരാളായ മോണ്‍. ഫെര്‍ണാണ്ടോ ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്.

വൈദികരും സന്യസ്തരും അല്മായരും അംഗങ്ങളായുള്ള ഓപൂസ് ദേയി എന്ന പ്രസ്ഥാനം 1928-ലാണ് സ്ഥാപിതമായത്. 1982-ല്‍ വി.ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇതിനു വ്യക്തിഗത മെത്രാസന പദവി നല്‍കി. അതായത്, ഒരു മെത്രാന്‍ അദ്ധ്യക്ഷനായി, ഭൗമിക അതിരുകള്‍ ബാധകമാകാതെ പ്രവര്‍ത്തിക്കുന്ന സംവിധാനം. കത്തോലിക്കാസഭയില്‍ ഈ പദവിയുള്ള വേറെ പ്രസ്ഥാനങ്ങളൊന്നും ഇല്ല.  92,000 അംഗങ്ങളാണ് ഇപ്പോള്‍ ഓപൂസ് ദേയിയില്‍ ഉള്ളത്. ഇവരില്‍ 2083 വൈദികരാണുള്ളത്. വൈദികരില്‍ കുറേപേര്‍ ഹോളി ക്രോസ് സൊസൈറ്റി എന്ന സന്യാസവിഭാഗത്തിലെ അംഗങ്ങളാണ്. 1900 വൈദികര്‍ ലോകമെങ്ങും വിവിധ രൂപതകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ആകെ അംഗങ്ങളില്‍ അമ്പതു ശതമാനത്തിലേറെയും സ്ത്രീകളാണ്. വത്തിക്കാനിലും ആഗോളസഭയുടെ വിവിധ സംവിധാനങ്ങളിലും വലിയ സ്വാധീനശക്തിയാണ് ഇന്ന് ഓപൂസ് ദേയി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org