കന്ദമാലില്‍ രക്തസാക്ഷികളായവരുടെ നാമകരണത്തിന് വത്തിക്കാന്‍റെ അനുമതി

2008-ല്‍ ഒറീസയിലെ കന്ദമാലില്‍ നടന്ന ക്രൈസ്തവ പീഡനത്തില്‍ കൊല്ലപ്പെട്ട നൂറോളം പേരുടെ നാമകരണ നടപടികള്‍ ആരംഭിക്കുന്നതിന് വത്തിക്കാന്‍ അനുമതി നല്‍കിയതായി മുംബൈ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അറിയിച്ചു. ഇതു സംബന്ധിച്ച് സുവിശേഷവത്കരണ കാര്യാലയാധ്യക്ഷന്‍ കര്‍ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോനിയുമായുള്ള കൂടിക്കാഴ്ചയുടെ വെളിപ്പെടുത്തലുകളാണ് ഏഷ്യന്‍ ബിഷപ്സ് ഫെഡറേഷന്‍ പ്രസിഡന്‍റുകൂടിയായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് വ്യക്തമാക്കിയത്.
ഒറീസയിലെ ക്രൈസ്തവരെ സംബന്ധിച്ച് ഇതു ദൈവാനുഭവത്തിന്‍റെ സന്തോഷകരമായ നിമിഷങ്ങളാണെന്ന് ഒറീസയിലെ ഫോറം ഫോര്‍ സോഷ്യല്‍ ആക്ഷന്‍ ഡയറക്ടര്‍ ഫാ. അജയ്കുമാര്‍ സിംഗ് അഭിപ്രായപ്പെട്ടു. "കന്ദമാലില്‍ കൊല്ലപ്പെട്ടവര്‍ക്ക് തങ്ങള്‍ രക്തസാക്ഷികളായിത്തീരുമെന്നും മറ്റും അറിയില്ലായിരുന്നു. തങ്ങളുടെ വിശ്വാസം അവര്‍ കാത്തുസൂക്ഷിച്ചു. ക്രിസ്തു അവര്‍ക്ക് എല്ലാറ്റിലും പ്രധാനമായിരുന്നു. തങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ ക്രിസ്തുവിനെ പിന്തുടരുകയായിരുന്നു അവര്‍ക്കു മുഖ്യം. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞുകൊണ്ട് അവരില്‍ പലര്‍ക്കും രക്ഷപ്പെടാമായിരുന്നു. പക്ഷേ അവര്‍ മരണം വരിക്കുകയായിരുന്നു" – ഫാ. അജയ് സിംഗ് പറഞ്ഞു.
2016-ലാണ് ഭാരതസഭ കന്ദമാലിലെ രക്തസാക്ഷികളുടെ നാമകരണ നടപടികളെപ്പറ്റി ചിന്തിച്ച് അതിന് ആരംഭം കുറിച്ചത്. പ്രാരംഭ നടപടി എന്ന നിലയില്‍ കട്ടക്ക്-ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ഡോ. ജോണ്‍ ബറുവയുടെ നേതൃത്വത്തില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ഇപ്പോള്‍ നാമകരണത്തിനു വത്തിക്കാന്‍റെ അനുമതി ലഭിച്ചെന്ന കര്‍ദിനാള്‍ ഗ്രേഷ്യസിന്‍റെ വെളിപ്പെടുത്തലോടെ കന്ദമാലില്‍ ജീവന്‍ ഹോമിച്ചവരുടെ ബന്ധുക്കള്‍ വലിയ പ്രതീക്ഷയിലാണെന്നും ഫാ. സിംഗ് സൂചിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org