കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദം സാമുവേല്‍ മാര്‍ ഐറേനിയോസ്

കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദം സാമുവേല്‍ മാര്‍ ഐറേനിയോസ്

കരിസ്മാറ്റിക് നവീകരണം സഭയുടെ ആനന്ദമാണെന്നും അത് സഭയ്ക്ക് ചെയ്ത നന്മകള്‍ നിരവധിയാണെന്നും കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് പറഞ്ഞു. 1967-ല്‍ സഭയിലാരംഭിച്ച കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ കേരളത്തിലെ ജൂബിലി ആഘോഷങ്ങളുടെ തുടക്കം ആദ്യത്തെ ധ്യാനകേന്ദ്രങ്ങളിലൊന്നായ ഭരണങ്ങാനം അസ്സീസി റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസ്റ്റണ്‍ രൂപതയുടെ നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കരിസ്മാറ്റിക് നവീകരണം സഭയുടെ ശ്ലൈഹിക കൂട്ടായ്മയിലേക്ക് ഉള്‍ച്ചേരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജൂബിലി പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ അനുസ്മരിപ്പിച്ചു. വിജയപുരം രൂപതയുടെ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ ജൂബിലി ലോഗോയുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.
കേരളത്തിലെ 24 സോണുകളില്‍ നിന്നും വിവിധ ധ്യാനകേന്ദ്രങ്ങളില്‍ നിന്നുമായി രൂപത ഡയറക്ടര്‍മാര്‍, കെ.എസ്.ടി.യുടെ മുന്‍ ചെയര്‍മാന്മാര്‍, വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവരടക്കം 500 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. വിദേശത്ത് മലയാളികള്‍ക്കിടയിലെ കരിസ്മാറ്റിക് പ്രവര്‍ത്തനങ്ങളുടെ പ്രതിനിധികളായി യു.എ.ഈ., യു.കെ., സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു.
ക്രിസ്തുവിനോടൊത്ത് ആത്മനിറവോടെ സഭയുടെ ഹൃദയത്തില്‍ എന്നതാണ് ജൂബിലിയിലെ പ്രമേയം. സമ്മേളനത്തിന് കെ.സി.സി.ആര്‍.എസ്.ടി. ചെയര്‍മാന്‍ ഫാ. വര്‍ഗ്ഗീസ് മുണ്ടയ്ക്കല്‍ വൈസ് ചെയര്‍മാന്‍ ഷാജി വൈക്കത്തുപറമ്പില്‍, സെക്രട്ടറി സെ ബാസ്റ്റ്യന്‍ താന്നിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org