കഴിവുകളെ ദൈവദാനങ്ങളോടു ചേര്‍ത്തു വികസിപ്പിക്കുക -കര്‍ദിനാള്‍ ആലഞ്ചേരി

കഴിവുകളെ ദൈവദാനങ്ങളോടു ചേര്‍ത്തു വികസിപ്പിക്കുക   -കര്‍ദിനാള്‍ ആലഞ്ചേരി

കഴിവുകളെ ദൈവദാനങ്ങളോടു ചേര്‍ത്തു വികസിപ്പിക്കുകയാണു പ്രതിഭയുടെ ക്രിസ്തീയ ദര്‍ശനമെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോ മലബാര്‍ മതബോധന കമ്മീഷന്‍റെ ആഭിമുഖ്യത്തില്‍ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ നടന്ന പ്രതിഭാസംഗമത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവികതയിലുള്ള വളര്‍ച്ചയിലൂടെയാണു വ്യക്തിയുടെ വികാസം പൂര്‍ണത പ്രാപിക്കേണ്ടത്. അറിവ് ആര്‍ജിക്കുന്നതിനൊപ്പം ജീവിതത്തിന് അനിവാര്യമായ തിരിച്ചറിവു സ്വന്തമാക്കാന്‍ നമ്മെ സഹായിക്കുന്നതു ദൈവകൃപയാണ്. ദൈവികമായ കഴിവുകള്‍ ആര്‍ജിക്കുന്നവര്‍ക്കു മറ്റുള്ളവരെ ദൈവത്തിന്‍റെ കണ്ണിലൂടെ കാണാനും ദൈവത്തിന്‍റെ കാതിലൂടെ കേള്‍ക്കാനും സാധിക്കും. പ്രതിബന്ധങ്ങളെ അതിജീവിക്കാനുള്ള കഴിവും പാര്‍ശ്വവത്കരിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്താനുള്ള മനോഭാവവും പ്രതിഭയുടെ ക്രിസ്തീയ ദര്‍ശനം സ്വന്തമാക്കിയവരുടെ പ്രത്യേകതയാണെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.

മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമത്തില്‍ മികവു തെളിയിച്ച പത്തു പേരെ അദ്ദേഹം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ടവരാണു പ്രതിഭാസംഗമത്തില്‍ പങ്കെടുത്തത്. അമല്‍ വര്‍ഗീസ് ചങ്ങനാശേരി, അലോക് പെല്ലിശേരി ഇരിങ്ങാലക്കുട, ക്രിസ് ലൂക്കോസ് കോട്ടയം, അലന്‍ ജോസഫ് പാലാ, സി.ടി. അരുണ്‍ മാനന്തവാടി, റോസ് മുട്ടത്ത് തൃശൂര്‍, മെര്‍ലിന്‍ കെ. മൈക്കിള്‍ തൃശൂര്‍, ആഗ്നസ് പി. ജോണ്‍ പാലക്കാട്, ജ്യോതിസ് ഏബ്രഹാം ഇടുക്കി, മരിയ ബെന്നി കോതമംഗലം എന്നിവരെയാണു മികച്ച പ്രതി കളായി തെരഞ്ഞെടുത്തത്. കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.ജിമ്മി പൂച്ചക്കാട്ട്, ഫാ.ഡായ് കുന്നത്ത്, നിജോ ജോസഫ് പുതുശേരി, സിസ്റ്റര്‍ ഡീന, എബിന്‍ സന്തോഷ്, അഖില ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org