കാരുണ്യവധസംസ്കാരത്തിനെതിരെ സഭ പോരാടണം -മാര്‍പാപ്പ

കാരുണ്യവധസംസ്കാരത്തിനെതിരെ  സഭ പോരാടണം -മാര്‍പാപ്പ

രോഗികളെയും സഹിക്കുന്നവരെയും അനുധാവനം ചെയ്യുക സഭയുടെ കടമയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. ഓരോ വ്യക്തിയുടെയും അന്തസ്സ് സഭ ഉറപ്പാക്കണം. കാരുണ്യവധത്തിനുള്ള പിന്തുണ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിശേഷിച്ചും സഭയുടെ ചുമതല വര്‍ദ്ധിക്കുകയാണ് – വിശ്വാസകാര്യാലയത്തിലെ അംഗങ്ങളോടു സംസാരിക്കുമ്പോള്‍ മാര്‍പാപ്പ പറഞ്ഞു.

വേദന, സഹനം, ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അര്‍ത്ഥം എന്നിവയെ പ്രത്യാശയോടെ എങ്ങനെ നേരിടുമെന്നത് സമകാലിക സമൂഹമനസ്സ് നേരിടുന്ന പ്രശ്നമാണെന്നു മാര്‍പാപ്പ പറഞ്ഞു. സമകാലിക മനുഷ്യര്‍ക്ക് ഈ പ്രത്യാശ പകരുകയെന്നതു സഭയുടെ ചുമതലയാണ്. ജീവന്‍ അതിന്‍റെ അന്തസ്സിന്‍റെ പേരിലാണ് സാധുവാകുന്നത്. പകരം കാര്യക്ഷമതയുടെയും ഉത്പാദനക്ഷമതയുടെയും പേരില്‍ ജീവന്‍ മാനിക്കപ്പെടുന്ന സ്ഥിതി വന്നാല്‍ അത് കാരുണ്യവധസംസ്കാരത്തിലേയ്ക്കു നയിക്കും. ഗര്‍ഭധാരണം മുതല്‍ സ്വാഭാവികമരണം വരെ മനുഷ്യജീവന്‍റെ അന്തസ്സ് യാതൊരുവിധത്തിലും ഹനിക്കപ്പെടാന്‍ പാടില്ല എന്നത് സഭ ആവര്‍ത്തിച്ചു പറയേണ്ടിയിരിക്കുന്നു – മാര്‍പാപ്പ വിശദീകരിച്ചു.

മനുഷ്യന്‍റെ അസ്തിത്വത്തെ സ്വയംസന്നദ്ധമായി തടയുക എന്നത് നാഗരികതയുടെ ഒരു തിരഞ്ഞെടുപ്പായി വ്യാഖ്യാനിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുമ്പോള്‍, ദുഷ്കര സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന മനുഷ്യര്‍ക്ക് സഹയാത്രികരാകുക എന്നത് നല്ല ഇടയന്മാരുടെ കടമയാണെന്ന് മാര്‍പാപ്പ പറഞ്ഞു. അങ്ങനെയുള്ള മനുഷ്യരെ തനിച്ചു വിടരുത്. സത്യത്തോടും കരുണയോടും കൂടി നന്മയിലേയ്ക്കു നയിക്കുക. സ്വന്തം അന്തസ്സിനെയും വിധിയെയും കുറിച്ചുള്ള അവബോധം നഷ്ടപ്പെടുന്ന മനുഷ്യന്‍റെ കരം പിടിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനമാണ് ശരിയായ അജപാലനം – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org