ക്ഷേമപദ്ധതികളില്‍ ക്രൈസ്തവര്‍ക്ക് പരിഗണന നല്‍കണം: സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ്

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ ക്രൈസ്തവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ സച്ചാര്‍ കമ്മിറ്റി നടത്തിയ പഠനം പോലെ കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പിന്നോക്കാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചു പഠനം നടത്തണമെന്നും യുവജന നേതൃത്വം പറഞ്ഞു.

പിഎസ്സി പോലുള്ള മത്സര പരീക്ഷകളില്‍ പിന്നോക്കം നില്‍ക്കുന്ന ക്രൈസ്തവരെ മുന്‍നിരയില്‍ എത്തിക്കാന്‍ വേണ്ട പരിശീലന പരിപാടികള്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്തു നടപ്പാക്കണം. അത്തരത്തില്‍ പരിശീലനം നല്‍കാനായി വിവിധ രൂപതകളില്‍നിന്നു വരുന്ന അപേക്ഷകള്‍ക്കു സര്‍ക്കാര്‍ അടിയന്തിരമായി അനുമതി നല്‍കണം. ഇന്നും ന്യൂനപക്ഷ വിഭാഗമായി കഴിയുന്ന ക്രൈസ്തവര്‍ക്ക് ഇത്തരത്തില്‍ കടുത്ത അവഗണന നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ രൂപതകളുമായി സഹകരിച്ചു കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ ന്യൂനപക്ഷ മന്ത്രാലയത്തിനും ന്യൂനപക്ഷ കമ്മീഷനുകള്‍ക്കും സീറോ മലബാര്‍ യൂത്ത് മൂവ് മെന്‍റ് നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. സീറോ-മലബാര്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ-മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, സംസ്ഥാന പ്രസിഡന്‍റ് ജുബിന്‍ കൊടിയംകുന്നേല്‍, ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്രൈസ്തവര്‍ക്ക് അവഗണന -കത്തോലിക്കാ കോണ്‍ഗ്രസ്
ന്യൂനപക്ഷങ്ങള്‍ക്കായി സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന ക്ഷേമപദ്ധതികളില്‍ ക്രൈസ്തവ വിഭാഗത്തിന് തുല്യനീതി ലഭിക്കുന്നില്ലെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കേന്ദ്രസമിതി ആരോപിച്ചു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും മത്സ്യതൊഴിലാളി മേഖലയിലെ പ്രതിസന്ധിയും മൂലം ദൈനംദിന ജീവിതം ദുസ്സഹമായിരിക്കുന്ന ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കായി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിക്കണം. കാര്‍ഷിക കടങ്ങളും വായ്പകളും തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ ഉണ്ടായിരിക്കുന്ന കുടിശിക മൂലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ്. വിദ്യാഭ്യാസ ആരോഗ്യ, തൊഴില്‍ മേഖലകളിലെല്ലാം ക്രൈസ്തവ വിഭാഗം വലിയ പ്രതിസന്ധി നേരിടുകയാണ്. കേരള സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ന്യൂനപക്ഷ കമ്മീഷന്‍ ഈ മേഖലയില്‍ ക്രൈസ്തവര്‍ക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു സമഗ്രമായി പഠിച്ച് സര്‍ക്കാരിനു സമര്‍പ്പിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് ന്യൂനപക്ഷ കമ്മീഷനു സമര്‍പ്പിച്ചു. ഗ്ലോബല്‍ പ്രസിഡന്‍റ് ബിജു പറയന്നിലത്തിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, സെക്രട്ടറി ടോമി പുഞ്ചക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org