ജലവിനിയോഗത്തെ കുറിച്ചു വത്തിക്കാനില്‍ സെമിനാര്‍

ജലവിനിയോഗത്തെ കുറിച്ചുള്ള രണ്ടു ദിവസത്തെ സെമിനാര്‍ വത്തിക്കാനില്‍ സംഘടിപ്പിച്ചു. ശാസ്ത്രങ്ങള്‍ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമിയാണു സെമിനാര്‍ നടത്തിയത്. ജലവിനിയോഗവും ശുദ്ധീകരണവും മെച്ചപ്പെടുത്തുന്നതിന് ശാസ്ത്രത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും സംസ്കാരത്തിന്‍റെയും സാങ്കേതികവിദ്യയുടെയും സംഭാവനകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചായിരുന്നു സെമിനാറിലെ ചര്‍ച്ചകള്‍. സാമൂഹ്യനീതിയും മാനവൈക്യവും വര്‍ദ്ധിപ്പിക്കണമെങ്കില്‍ നീതിയും മര്യാദയുമുള്ള ഒരു ജലകൈകാര്യനയം ഉണ്ടാകേണ്ടതുണ്ടെന്ന് വത്തിക്കാന്‍ സമഗ്രമനുഷ്യവികസന കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ പീറ്റര്‍ ടര്‍ക്സണ്‍ പ്രസ്താവിച്ചു. ഒരു അവകാശമെന്ന നിലയില്‍ ജലലഭ്യതയെ പരിഗണിക്കുന്ന നയങ്ങള്‍ രൂപീകരിക്കേണ്ടതിന്‍റെ ആവശ്യകതയിലേയ്ക്കാണ് ഈ സെമിനാര്‍ വിരല്‍ ചൂണ്ടുന്നതെന്ന് കാര്‍ഡിനല്‍ അഭിപ്രായപ്പെട്ടു.
ജലമില്ലാതെ മനുഷ്യജീവന്‍ അസാദ്ധ്യമായതുകൊണ്ട് ജലം മനുഷ്യാവകാശം തന്നെയാണെന്നു കാര്‍ഡിനല്‍ ടര്‍ക്സണ്‍ വ്യക്തമാക്കി. മഴയുടെ രീതികള്‍ മാറിപ്പോയതുകൊണ്ട് ലോകത്തിന്‍റെ നിരവധി ഭാഗങ്ങളില്‍ ജനങ്ങള്‍ക്കു ജലം ലഭ്യമാകുന്നില്ല. ജലത്തെ കുടിക്കാനുപയുക്തമാക്കുന്നതിനും ജലലഭ്യത കുറഞ്ഞയിടങ്ങളിലെ കൃഷിക്കുമെല്ലാം പുതിയ സാങ്കേതികവിദ്യകള്‍ ഇന്നു രൂപപ്പെട്ടിട്ടുണ്ട്. ജലസേചനത്തിനുള്ള തുള്ളി നന (ഡ്രിപ് ഇറിഗേഷന്‍) ഉദാഹരണമാണ്. ജലം പാഴാക്കുന്നതും ജലം യഥേഷ്ടം എന്നും ലഭ്യമായിരിക്കുമെന്നു മുന്‍വിധി പുലര്‍ത്തുന്നതും അപലപനീയമാണ്. ശുദ്ധജ ലം എല്ലാവര്‍ക്കും ഉറപ്പു വരുത്തുന്ന നിയമനിര്‍മ്മാണത്തിലൂടെ ക്ഷാമവും മറ്റ് അനീതികളും ഇല്ലാതാക്കാന്‍ നമുക്കു കഴിയേണ്ടതുണ്ട്. ഈ ലോകത്തിനു വേണ്ടി നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമായിരിക്കുമത്-കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org