ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധതയ്ക്കെതിരെ മെക്സിക്കന്‍ മെത്രാന്മാര്‍

ട്രംപിന്‍റെ കുടിയേറ്റ വിരുദ്ധതയ്ക്കെതിരെ മെക്സിക്കന്‍ മെത്രാന്മാര്‍

അമേരിക്ക-മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നീക്കത്തില്‍ മെക്സിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം വേദനയും പ്രതിഷേധവും പ്രകടിപ്പിച്ചു. രാജ്യസുരക്ഷയും വികസനവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശരിയായ മാര്‍ഗങ്ങളെ കുറിച്ചു കൂടുതല്‍ ഗാഢമായ വിചിന്തനങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം തയ്യാറാകണമെന്ന് മെത്രാന്മാര്‍ ആവശ്യപ്പെട്ടു. ദരിദ്രരും ബലഹീനരും ഇപ്പോള്‍ തന്നെ അനുഭവിക്കുന്ന സഹനങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാതെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.
മെക്സിക്കന്‍ മെത്രാന്‍ സംഘവും മെക്സിക്കോയുമായി അതിര്‍ത്തി പങ്കുവയ്ക്കുന്ന അമേരിക്കന്‍ രൂപതകളും, ഇരു സഹോദര രാജ്യങ്ങളിലായി കഴിയുന്ന ഈ പ്രദേശ ത്തെ വിശ്വാസികളുടെ ക്ഷേമം സംയുക്തമായി ശ്രദ്ധിച്ചു വരികയാണെന്നു മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഇരുപതിലേറെ വര്‍ഷങ്ങളായി ഈ രീതി നിലവിലുണ്ട്. കുടുംബം, ജോലി, വിശ്വാസം, സൗഹൃദം എന്നിങ്ങനെയുള്ള തലങ്ങളില്‍ ഈ പ്രദേശത്തെ മനുഷ്യര്‍ തമ്മിലുള്ള പരസ്പരബന്ധത്തെ തികച്ചും മനുഷ്യവിരുദ്ധമായ ഈ ഇടപെടല്‍ തടസ്സപ്പെടുത്തുമെന്നതാണു വേദനാജനകമായ ആദ്യത്തെ കാര്യം – മെക്സിക്കന്‍ മെത്രാന്മാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുക തന്‍റെ മുന്‍ഗണനകളിലൊന്നായി പ്രഖ്യാപിച്ചിരിക്കുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ നിലപാട് നിരാശാജനകമാണെന്നും അത് കുടിയേറ്റക്കാരുടെ ജീവിതത്തെ അനാവശ്യമായി ദുരിതത്തിലാക്കുമെന്നും മെത്രാന്മാര്‍ പറഞ്ഞു. അതിര്‍ത്തി പ്രദേശത്തു സമാധാനമായും മനോഹരമായും പരസ്പരം സഹവര്‍ത്തിച്ചു ജീവിക്കുന്ന നിരവധി ജനസമൂഹങ്ങളെ മതില്‍ നിര്‍മ്മാണം അസ്ഥിരപ്പെടുത്തും. മതിലുകള്‍ നിര്‍മ്മിക്കുന്നതിനു പകരം ഈ സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെടുന്നതുപോലെ പാലങ്ങള്‍ നിര്‍മ്മിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് – മെത്രാന്മാര്‍ വ്യക്തമാക്കി. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘവും മതില്‍ നിര്‍മ്മാണ നീക്കത്തെ ശക്തിയായി എതിര്‍ക്കുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org