ദളിത് ക്രൈസ്തവരോട് നീതി കാണിക്കണം കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ദളിത് ക്രൈസ്തവരോട് നീതി കാണിക്കണം  കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

ദളിത് ക്രൈസ്തവരോട് സര്‍ക്കാരുകള്‍ നീതി കാണിക്കണമെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. മറ്റു ദളിത് വിഭാഗങ്ങള്‍ക്കു കൊടുക്കുന്ന സംവരണാനുകൂല്യങ്ങള്‍ ക്രൈസ്തവ ദളിത് സഹോദരങ്ങള്‍ക്ക് നിഷേധിക്കുന്നതും സിഖ്, ബുദ്ധദളിതര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിച്ചപ്പോള്‍ പോലും ക്രൈസ്തവ ദളിതര്‍ക്ക് നിഷേധിക്കുന്നതും ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്റെ നേതൃത്വത്തില്‍ ദളിത് ഫോറം സംസ്ഥാന നേതൃ സമ്മേളനം കൊച്ചി മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ ആലഞ്ചേരി. 1950-ലെ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡര്‍ തിരുത്താതിരിക്കുന്നതും നീതി നിഷേധത്തിനു തുല്യമാണ്.
സമ്മേളനത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ അദ്ധ്യക്ഷതവഹിച്ചു. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, ജീനാ പോള്‍, ജസ്റ്റിന്‍ മാത്യു, സി.സി. കുഞ്ഞുകൊച്ച്, എം.വി. റോസമ്മ, അഡ്വ. ബിജു പറയന്നിലം, ജെയിംസ് ഇലവുങ്കല്‍, ഷീല എബ്രഹാം, ഫാ.ജിമ്മി പൂച്ചക്കാട്ട്, സിജോ പൈനാടത്ത്, ഫാ. സ്‌കറിയ വേകത്താനം, ഫാ. ജോസുകുട്ടി ഇടത്തിനകം, ജോണി ജോസഫ്, ഫ്രാന്‍സിസ് ജോസഫ്, എം.പി. ജോസഫ്, പി.എം. പൈലി, വിന്‍സന്റ് ആന്റണി, ബിനോയ് ജോസഫ്, സിബി ചിറയ്ക്കമല, ബാബു പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബിഷപ് മാര്‍ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തില്‍ അല്മായ കമ്മീഷന്‍ പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയന് അവകാശപത്രിക കൈമാറാന്‍ സമ്മേളനം തീരുമാനിച്ചു. പരിവര്‍ത്തിത ക്രൈസ്തവ വികസനകോര്‍പ്പറേഷന്‍ രാഷ്ട്രീയേതരമായി പുനഃസംഘടിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ നടക്കുന്ന ദളിത് പീഡനങ്ങളിലും അക്രമങ്ങളിലും സമ്മേളനം ആശങ്ക രേഖപ്പെടുത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org