ദുരിതങ്ങള്‍ക്കിടയിലെ വിശുദ്ധവാരം: “സിറിയന്‍ ക്രൈസ്തവരുടെ വിശ്വാസം മാതൃക”

ദുരിതങ്ങള്‍ക്കിടയിലെ വിശുദ്ധവാരം: “സിറിയന്‍ ക്രൈസ്തവരുടെ വിശ്വാസം മാതൃക”

വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തരയുദ്ധത്തിന്‍റെയും ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തിന്‍റെയും ദുരിതങ്ങള്‍ക്കിടയില്‍ സ്വന്തം വീടുകളും ജോലികളും സ്വത്തുവകകളും പോലെ എന്തെല്ലാം സിറിയന്‍ ക്രൈസ്തവര്‍ക്കു നഷ്ടമായിട്ടുണ്ടാകാമെങ്കിലും ഒന്നും മാത്രം നഷ്ടമായിട്ടില്ലെന്നു വിശുദ്ധവാരത്തില്‍ സിറിയയിലായിരുന്ന സ്പാനിഷ് കത്തോലിക്കാ പത്രപ്രവര്‍ത്തകനായ യോഷ്വാ വില്ലലന്‍ പറയുന്നു: വിശ്വാസമാണത്. "എല്ലാ ദുരിതങ്ങള്‍ക്കുമിടയില്‍ തങ്ങള്‍ക്കു പ്രത്യാശ നല്‍കുന്നതും തങ്ങളെ നിലനിറുത്തുന്നതും വി. കുര്‍ബാനയാണെന്ന് അവിടെ കണ്ട ഓരോ കുടുംബവും ഓരോ വ്യക്തിയും പറഞ്ഞു. എല്ലാം നഷ്ടമായെങ്കിലും യേശുക്രിസ്തുവിനെ നഷ്ടമായിട്ടില്ലെന്ന ബോദ്ധ്യമാണ് വി. കുര്‍ബാന അവര്‍ക്കു നല്‍കുന്നത്. കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയുന്നുവെന്നതാണ് ഈ ദുരിതങ്ങള്‍ക്കിടയിലും അവരുടെ ആശ്വാസം."

എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് എന്ന സഭാസംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വില്ലലന്‍ സിറിയയിലെത്തിയത്. ഈ സംഘടനയുടെ സ്പാനിഷ് ഘടകം സിറിയയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും യുവജനവിദ്യാഭ്യാസത്തിനുമായി പ്രതിവര്‍ഷം 6 ലക്ഷം യൂറോ വീതം ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.

ഹോംസ് എന്ന സിറിയന്‍ നഗരത്തിലെ കത്തീഡ്രലിലേയ്ക്കു ദുഃഖവെള്ളിയാഴ്ച നടത്തിയ സന്ദര്‍ശനമാണ് തനിക്ക് ഏറ്റവും ഹൃദയസ്പര്‍ശിയായി തോന്നിയതെന്ന് വില്ലലന്‍ പറഞ്ഞു. അവിടെ നടന്ന കുരിശിന്‍റെ വഴിയില്‍ നൂറു കണക്കിനു ക്രൈസ്തവര്‍ പങ്കെടുത്തു. സിറിയയില്‍ കുരിശിന്‍റെ വഴി നടത്തുക എന്നത് സജീവമായ ഒരു പാരമ്പര്യമാണ്. നോമ്പുകാലത്ത് കുരിശിന്‍റെ വഴി നടത്തുന്നതിനു സിറിയയിലെ ക്രൈസ്തവര്‍ വലിയ പ്രാധാന്യം നല്‍കുന്നു. ഇപ്പോഴത്തെ പശ്ചാത്തലത്തിലാകട്ടെ കുരിശിന്‍റെ വഴി പ്രത്യേകമായ പ്രസക്തി ആര്‍ജിക്കുന്നു. ഇസ്ലാം മതം വരുന്നതിനും നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ക്രൈസ്തവരുണ്ടായിരുന്ന രാജ്യമാണ് സിറിയ. വി. പൗലോസ് മാനസാന്തരത്തിലേയ്ക്കുള്ള വിളി സ്വീകരിച്ച ദമാസ്കസ് സിറിയയില്‍ ആണല്ലോ. 2000 വര്‍ഷത്തെ ക്രൈസ്തവസാന്നിദ്ധ്യം സിറിയന്‍ സംസ്കാരത്തിനു വലിയ മൂല്യങ്ങള്‍ നല്‍കിയിട്ടുമുണ്ട് – അദ്ദേഹം വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org