ദേശീയവിദ്യാഭ്യാസനയം: മതേതരസംസ്കാരത്തെ സംരക്ഷിക്കുന്നതാകണം

ദേശീയവിദ്യാഭ്യാസനയം: മതേതരസംസ്കാരത്തെ സംരക്ഷിക്കുന്നതാകണം

കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പുതിയ ദേശീയ വിദ്യാഭ്യാസനയം രാജ്യത്തെ മതേതര വിദ്യാഭ്യാസത്തെയും മതേതര സംസ്കാരത്തെയും ശക്തിപ്പെടുത്തുന്നതാകണമെന്ന് ദേശീയ വിദ്യാഭ്യാസനയത്തെക്കുറിച്ച് ടീച്ചേഴ്സ് ഗില്‍ഡ് സംഘടിപ്പിച്ച ദ്വിദിന പഠന സെമിനാര്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. രാജ്യത്തെ ന്യൂനപക്ഷ മത, ഭാഷാ, വിഭാഗങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചിട്ടുള്ള പ്രത്യേക വിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് വിരുദ്ധമായ ചില ശിപാര്‍ശകള്‍, ടി.എസ്. സുബ്രമണ്യം കമ്മീഷന്‍റെ കരട് റിപ്പോര്‍ട്ട് ഉള്‍ക്കൊള്ളുന്നുണ്ടെന്ന് സെമിനാര്‍ വിലയിരുത്തി. പൗരാണികതയും ദേശീയതയും ചിലരുടെ മാത്രം സ്വന്തമാണെന്ന് വരുത്താനുള്ള ശ്രമങ്ങളും ചില മതവിഭാഗങ്ങളുടെ പ്രതീകങ്ങളെ മഹത്ത്വവല്‍ക്കരിക്കാനും സമാന്യവല്‍ക്കരിക്കാനും അത് എല്ലാ വിഭാഗങ്ങളിലും അടിച്ചേല്പിക്കാനുമുള്ള ശ്രമങ്ങള്‍ ആശങ്കാജനകമാണ്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തെക്കുറിച്ച് ആശങ്കപ്പെടുന്ന കരട് റിപ്പോര്‍ട്ട്, വിദ്യാഭ്യാസമേഖലയിലുള്ള ന്യൂനപക്ഷ സമുദായങ്ങളുടെ സംഭാവനകളെ തമസ്കരിക്കുകയും ചെയ്യുന്നു. ഇത്തരം ആശങ്കകള്‍ പരിഹരിക്കാന്‍ മതമേലദ്ധ്യക്ഷന്മാരും സാംസ്കാരികനേതാക്കന്മാരുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി മുന്‍കയ്യെടുക്കണമെന്ന് സെമിനാര്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു.
ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്കും, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സമൂഹങ്ങള്‍ക്കും നല്‍കിയിരിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ മാറി മാറി വരുന്ന ഭരണകൂടങ്ങളുടെ ഔദാര്യമായി ചിത്രീകരിക്കുന്നത് ഭാരതത്തിന്‍റെ ഐക്യത്തിനും സുസ്ഥിതിക്കും ഗുണകരമായി ഭവിക്കുകയില്ലെന്ന് പഠനശിബിരം ഉദ്ഘാടനം ചെയ്ത ജസ്റ്റീസ് എബ്രാഹം കെ. മാത്യു അഭിപ്രായപ്പെട്ടു. സമാപനസമ്മേളനം മഹാത്മഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org