നിക്കരാഗ്വയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച ഈശോസഭാ മേധാവിക്കു വധഭീഷണി

നിക്കരാഗ്വയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ച ഈശോസഭാ മേധാവിക്കു വധഭീഷണി

നിക്കരാഗ്വയില്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭരംഗത്തുള്ള വിദ്യാര്‍ത്ഥിസമൂഹത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചതിന് ഈശോസഭയുടെ സെന്‍ട്രല്‍ അമേരിക്കന്‍ പ്രൊവിന്‍സിന്‍റെ അദ്ധ്യക്ഷനായ ഫാ.ജോസ് ആല്‍ബെര്‍ടോ ഇഡിക്വേസിനു വധഭീഷണി. പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്ന നയമാണ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ഭരണഘടനാ അവകാശങ്ങള്‍ക്കായി ന്യായമായ വിധത്തില്‍ ശബ്ദമുയര്‍ത്തുന്ന പ്രക്ഷോഭകരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നു സഭാനേതൃത്വം ആവശ്യപ്പെടുന്നു.

തെരുവില്‍ സമരം ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ പോലീസും അര്‍ദ്ധസൈനികവിഭാഗവും ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചപ്പോള്‍ ജെസ്യൂട്ട് യൂണിവേഴ്സിറ്റിയുടെ ഗേറ്റ് തുറന്നു കൊടുത്ത് പ്രക്ഷോഭകരെ അകത്തു കയറ്റി സംരക്ഷിക്കാന്‍ സഭാധികാരികള്‍ തയ്യാറായി. ഇതു ഭരണകൂടത്തെ ചൊടിപ്പിച്ചു. നിക്കരാഗ്വയില്‍ ഏപ്രില്‍ 18-നു തുടങ്ങിയ പ്രക്ഷോഭങ്ങളില്‍ ഇതുവരെ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ സംവിധാനത്തിലെ പരിഷ്കാരങ്ങള്‍ക്കെതിരെ തുടങ്ങിയ സമരം ഇപ്പോള്‍ നിക്കരാഗ്വയുടെ പ്രസിഡന്‍റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെയും ഭാര്യയുടെയും സ്വേച്ഛാധിപത്യത്തിനെതിരായ ജനമുന്നേറ്റമായി മാറിയിട്ടുണ്ട്.

നിക്കരാഗ്വയിലെ പ്രശ്നങ്ങള്‍ സംഭാഷണങ്ങളിലൂടെ പരിഹരിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭാഷണത്തിനു നിക്കരാഗ്വന്‍ മെത്രാന്‍ സംഘം മുന്‍കൈയെടുത്തിട്ടുണ്ട്. സംഭാഷണത്തിന് ഒരു അന്താരാഷ്ട്ര നിരീക്ഷകസംഘത്തിന്‍റെ സഹായവും മെത്രാന്മാര്‍ അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org