പുനരധിവസിക്കപ്പെട്ട ലൈംഗിക തൊഴിലാളികളെ മാര്‍പാപ്പ സന്ദര്‍ശിച്ചു

പുനരധിവസിക്കപ്പെട്ട ലൈംഗിക തൊഴിലാളികളെ മാര്‍പാപ്പ സന്ദര്‍ശിച്ചു

കാരുണ്യവര്‍ഷത്തിലെ ഓരോ മാസവും വ്യക്തിപരമായനിലയില്‍ ഓരോ കാരുണ്യസന്ദര്‍ശനം നടത്തുന്നതിന്റെ ഭാഗമായി ആഗസ്റ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചത് പുനരധിവസിപ്പിക്കപ്പെട്ട ലൈംഗിക തൊഴിലാളികളെ സംരക്ഷിക്കുന്ന ഭവനം. ജോണ്‍ മാര്‍പാപ്പയുടെ പേരിലുള്ള ഒരു സംഘടനയാണ് ഇരുപതോളം സ്ത്രീകളെ വിവിധ ചൂഷണ സാഹചര്യങ്ങളില്‍ നിന്നു വീണ്ടെടുത്തു സംരക്ഷിച്ചു പോരുന്നത്. ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു വിധേയരായി കഴിഞ്ഞിരുന്നവരും ഇതിലുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍. മനുഷ്യക്കടത്ത് മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യമാണെന്നും ക്രിസ്തുവിന്റെ ശരീരത്തെ ബാധിച്ചിരിക്കുന്ന മുറിവാണെന്നും മാര്‍പാപ്പ നേരത്തെ പറഞ്ഞിട്ടുണ്ട്. മനുഷ്യക്കടത്തിനെതിരായ മാര്‍പാപ്പയുടെ നിലപാട് ശക്തമായി ആ വര്‍ത്തിച്ചു പ്രകടിപ്പിക്കുന്നതാണ് ഈ അഭയകേന്ദ്രത്തിലേയ്ക്കുള്ള മാര്‍പാപ്പയുടെ സന്ദര്‍ശനമെന്നു വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മാര്‍പാപ്പയുടെ എട്ടാമതു 'കാരുണ്യവെള്ളി' സന്ദര്‍ശനമായിരുന്നു ഇത്. പോളണ്ടില്‍ യുവജനദിനാഘോഷത്തിനു പോയിരുന്നപ്പോള്‍ മാര്‍പാപ്പ ക്രാക്കോവില്‍ കുട്ടികളുടെ ഒരു ആശുപത്രി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ മാസം വയോധികരായ വൈദികര്‍ താമസിക്കുന്ന ഭവനമാണ് സന്ദര്‍ശിച്ചത്. പൂര്‍ണമായും അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളെ സംരക്ഷിക്കുന്ന ഒരു ഭവനം സന്ദര്‍ശിച്ചുകൊണ്ടാണ് കഴിഞ്ഞ ജനുവരിയില്‍ കാരുണ്യവെള്ളി സന്ദര്‍ശനങ്ങള്‍ക്കു മാര്‍പാപ്പ തുടക്കമിട്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org