പൂര്‍വികര്‍ കുടിയേറിയവരാണെന്നതു മറക്കരുത് – അമേരിക്കന്‍ മെത്രാന്മാര്‍

പൂര്‍വികര്‍ കുടിയേറിയവരാണെന്നതു മറക്കരുത് – അമേരിക്കന്‍ മെത്രാന്മാര്‍

കുടിയേറ്റക്കാരായിരുന്ന പൂര്‍വിക തലമുറകളോടു അമേരിക്ക കാണിച്ചിട്ടുള്ള കാരുണ്യം വിചിന്തനവിഷയമാക്കണമെന്നു കത്തോലിക്കാ മെത്രാന്മാര്‍ ഓര്‍മ്മിപ്പിച്ചു. തങ്ങളുടെ മാതാപിതാക്കളുടെയോ പിതാമഹന്മാരുടെയോ പ്രപിതാമഹന്മാരുടെയോ കുടുംബങ്ങള്‍ പഴയ രാജ്യങ്ങള്‍ വിട്ട് അമേരിക്കയിലേയ്ക്കു കുടിയേറിയവരാണെന്ന് ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും അറിയാം. അതുകൊണ്ട്, തങ്ങളുടെ പൂര്‍വികരുടെ അതേ അവസ്ഥയില്‍ ഇപ്പോള്‍ കുടിയേറുന്ന ജനങ്ങളോടു സഹതപിക്കാന്‍ അമേരിക്കന്‍ ജനതയ്ക്കു കടമയുണ്ട്. -യു എസ് കത്തോലിക്കാ മെത്രാന്‍ സംഘം പ്രസ്താവനയില്‍ വിശദീകരിച്ചു.

അമേരിക്കന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റത്തിനും കുടിയേറ്റക്കാര്‍ക്കുമെതിരായ നിലപാടു സ്വീകരിക്കുന്നതിനാല്‍ അമേരിക്കന്‍ സഭയുടെ ഈ അഭിപ്രായപ്രകടനത്തിനു പ്രത്യേകമായ പ്രസക്തിയുണ്ട്. ട്രംപിന്‍റെ വംശവിദ്വേഷപരമായ പ്രസ്താവനകളെ ഫ്രാന്‍സിസ് മാര്‍പാപ്പ നേരത്തെ വിമര്‍ശിക്കുകയും കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അനുകൂലമായ നിലപാട് പാശ്ചാത്യ രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കുടിയേറ്റക്കാരോട് ഉപവിയും അനുകന്പയും പ്രകടിപ്പിക്കുന്ന മുഖാമുഖത്തിന്‍റെ ഒരു സംസ്കാരം വളര്‍ത്തിയെടുക്കാന്‍ കത്തോലിക്കാ വിശ്വാസികള്‍ തയ്യാറാകണമെന്നു മെത്രാന്മാര്‍ ആവശ്യപ്പെട്ടു. കുടിയേറാന്‍ നിര്‍ബന്ധിതരാകുന്ന സഹോദരങ്ങള്‍ കുടുബവുമായി വേര്‍പെടുന്നതിന്‍റെയും ദാരിദ്ര്യത്തിന്‍റെയും വേദനകള്‍ സഹിക്കുന്നവരാണ്. യുദ്ധവും മര്‍ദ്ദനവും മൂലം സ്വന്തം രാജ്യങ്ങളില്‍ നിന്നു ഓടിപ്പോകുന്നവരാണ് അഭയാര്‍ത്ഥികള്‍. സമാധാനത്തില്‍ ജീവിക്കാന്‍ വേണ്ടിയാണ് എല്ലാം നഷ്ടപ്പെടുത്തി അവര്‍ അപകടസാദ്ധ്യതകള്‍ ഏറ്റെടുക്കുന്നത്. – പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നു.

കുടിയേറുന്ന കുടുംബങ്ങളുടെ വേദനയും സഹനവും കാരുണ്യത്തിനുള്ള അവസരങ്ങളാണന്നു മെത്രാന്മാര്‍ പറഞ്ഞു. സുഡാനിലും സിറിയയിലും ഇസ്ലാമിക ഭീകരവാദികളുടെ ആക്രമണങ്ങള്‍ നിമിത്തം ആയിരങ്ങളാണ് അഭയാര്‍ത്ഥികളായിരിക്കുന്നത്. ഐസിസിന്‍റെ ആക്രമണം നിമിത്തം സിറിയയിലെ ആയിരകണക്കിനു ക്രൈസ്തവര്‍ ഇന്ന് അഭയാര്‍ത്ഥി ക്യാന്പുകളിലാണ് കഴിയുന്നത്. മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org