ആഗോളയുവജനദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ തനിക്കു നല്‍കിയ ഊഷ്മളമായ സ്വാഗതത്തിനും സന്ദര്‍ശനത്തിന്റെ മികവുറ്റ സംഘാടനത്തിനും ഫ്രാന്‍സിസ് മാര്‍പാപ്പ പോളണ്ടിനും അവിടത്തെ സഭാനേതൃത്വത്തിനും നന്ദി പറഞ്ഞു. ബുദ്ധിമുട്ടുകള്‍ക്കും ദുരന്തങ്ങള്‍ക്കുമിടയിലും ശക്തമായ വിശ്വാസവും അചഞ്ചലമായ പ്രത്യാശയും കാത്തു സൂക്ഷിച്ച പോളണ്ടിലെ കത്തോലിക്കരെ മാര്‍പാപ്പ ശ്ലാഘിച്ചു. പോളണ്ട് സന്ദര്‍ശനത്തിനിടെ തനിക്കേറ്റവും ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ട രണ്ടു കാര്യങ്ങള്‍ മാര്‍പാപ്പ തന്റെ കൃതജ്ഞതാ സന്ദേശനത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. പോളണ്ടിന്റെ ജ്ഞാനസ്‌നാനത്തിന്റെ 1050-ാം വാര്‍ഷികത്തോടനുബന്ധിച്ചു സെസ്റ്റോകോവ തീര്‍ത്ഥകേന്ദ്രത്തില്‍ നടത്തിയ ദിവ്യബലിയര്‍പ്പണവും ഔഷ്വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലെ പ്രാര്‍ത്ഥനയുമായിരുന്നു അവ.