പ്രാര്‍ഥനയിലൂടെ ഫാ. ഉഴുന്നാലിലിനെ ബന്ദികളാക്കിയവരുടെ മാനസാന്തരം സാധ്യമാകും: മാര്‍ ആലഞ്ചേരി

പ്രാര്‍ഥനയിലൂടെ ഫാ. ഉഴുന്നാലിലിനെ ബന്ദികളാക്കിയവരുടെ മാനസാന്തരം സാധ്യമാകും: മാര്‍ ആലഞ്ചേരി

ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനത്തിനായി തീക്ഷ്ണമായ പ്രാര്‍ഥനകള്‍ തുടരണമെന്നും, അതിലൂടെ അദ്ദേഹത്തെ ബന്ദിയാക്കിയവരുടെ മാനസാന്തരം സാധ്യമാകുമെന്നും സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയില്‍ അര്‍പ്പിക്കുന്ന ദിവ്യബലികളില്‍ ഫാ. ഉഴുന്നാലിലിന്‍റെ മോചനം നിയോഗമാക്കി പ്രത്യേക പ്രാര്‍ഥനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനായുള്ള പ്രത്യേക നിയോഗത്തോടെ സീറോ-മലബാര്‍ സഭയിലെ മെത്രാന്മാര്‍ എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ നടത്തിയ പ്രാര്‍ഥനാസംഗമത്തില്‍ ആമുഖസന്ദേശം നല്‍കുകയായിരുന്നു കര്‍ദിനാള്‍. സമൂഹത്തെ മുഴുവന്‍ വേദനിപ്പിക്കുന്നതാണു ഫാ. ഉഴുന്നാലിലിനെ ബന്ദിയാക്കിയ സംഭവം. സര്‍ക്കാരുകളും സഭയും എല്ലാ സാധ്യതകളും ഉപയോഗിച്ചുള്ള മോചനശ്രമങ്ങള്‍ സജീവമായി തുടരുമ്പോഴും, അതു ഫലം കാണുന്നതിനു തീക്ഷ്ണമായ പ്രാര്‍ഥനകളും ആവശ്യമാണ്. ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നു വിശ്വസിക്കുന്ന നമുക്കിടയിലേക്ക്, ഫാ. ടോം ഉഴുന്നാലില്‍ മോചിതനായി മടങ്ങി വരുന്നതിനായി നാം നിരന്തരം പ്രാര്‍ഥിക്കണം. ഇപ്പോള്‍ നടന്നുവരുന്ന സീറോ മലബാര്‍ സിനഡിന്‍റെ സമ്മേളനാരംഭത്തില്‍ അച്ചനായുള്ള പ്രാര്‍ഥന നടത്തിയിരുന്നു. എല്ലാ മെത്രാന്മാരും വൈദികര്‍ക്കും വിശ്വാസിസമൂഹത്തോടും ചേര്‍ന്ന് പ്രത്യേക പ്രാര്‍ഥനാസംഗമം നട ത്തണമെന്ന സിനഡിന്‍റെ താത്പര്യപ്രകാരമാണ് എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ എല്ലാ മെത്രാന്മാരും ഒത്തുചേര്‍ന്നത്.
തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട് പ്രാര്‍ഥന നയിച്ചു. ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജേക്കബ് തൂങ്കുഴി, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുള്‍പ്പെടെ 57 മെത്രാന്മാര്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തു. വരാപ്പുഴ അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് പടിയാ രംപറമ്പില്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, എറണാകുളം-അങ്കമാലി അതിരൂപത പ്രോ വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, മോണ്‍. ആന്‍റണി നരികുളം, ബസിലിക്ക വികാരി റവ. ഡോ. ജോസ് പുതിയേടത്ത് തുടങ്ങി, വൈദിക, സന്യസ്ത പ്രതിനിധികളും വിശ്വാസികളും പ്രാര്‍ഥനാസംഗമത്തില്‍ പങ്കെടുക്കാനെത്തി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org