പ്രേഷിതരുടേത് ലോകത്തില്‍ ദൈവത്തെ സന്നിഹിതരാക്കുന്ന ശുശ്രൂഷ – കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി

പ്രേഷിതരുടേത് ലോകത്തില്‍ ദൈവത്തെ സന്നിഹിതരാക്കുന്ന ശുശ്രൂഷ – കര്‍ദി. മാര്‍ ജോര്‍ജ് ആലഞ്ചേരി

ക്രിസ്തുവിന്‍റെ സാക്ഷിയും ലോകത്തിന്‍റെ ശുശ്രൂഷകയുമാണ് സഭയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. അതിനാല്‍ ലോകത്തിലും മനുഷ്യജീവിതങ്ങളിലും ദൈവത്തെ സന്നിഹിതമാക്കുന്ന ശുശ്രൂഷയാണ് പ്രേഷിതരുടേത്. സത്യത്തിന്‍റെയും നീതിയുടെയും ആത്മാവായ ദൈവാരൂപിയാണ് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന റാണി മരിയമാരെ ഭാരതത്തിന്‍റെ ഗ്രാമങ്ങളിലേക്കു നയിക്കുന്നത്. കെസിബിസി ആസ്ഥാനകാര്യാലയമായ പിഒസിയില്‍ സുവര്‍ണജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ദേശീയ മിഷനറി സംഗമത്തിന്‍റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കര്‍ദിനാള്‍.

വിശ്വാസം ജീവിക്കുന്നവരും ജീവിതംകൊണ്ട് ക്രിസ്തുവിന്‍റെ സുവിശേഷം പകരുന്നവരുമാണ് പ്രേഷിതരെന്നും ആലംബഹീനരുടെ അന്തസ്സുയര്‍ത്തുന്ന പ്രവൃത്തികളാണ് യഥാര്‍ത്ഥ മിഷന്‍ പ്രവര്‍ത്തനമെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സുപ്രീംകോടതി ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രസ്താവിച്ചു. യഥാര്‍ത്ഥ ദൈവഹിതം അറിഞ്ഞ് നിറവേറ്റുന്നവരാണു മിഷനറിമാരെന്നും അവര്‍ ക്രിസ്തുവിന്‍റെ സ്നേഹവും ത്യാഗവും ജീവിതവ്രതമാക്കിയവരാണെന്നും യോഗത്തില്‍ അധ്യക്ഷതവഹിച്ച കെസിബിസി പ്രസിഡന്‍റ് ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം പ്രസ്താവിച്ചു.

ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്ത 17 മിഷനറിമാരെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി സെക്രട്ടറി ജനറല്‍ ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, മിഷനറിമാരുടെ പ്രതിനിധി ഫാ. പോള്‍ ചുങ്കത്ത്, ഫാ. സ്റ്റാന്‍ലി മാതിരപ്പിള്ളി, ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന പ്രേഷിതസംഗമത്തില്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രേ ഷിതശുശ്രൂഷ ചെയ്യുന്ന അഞ്ഞൂറോളം മിഷനറിമാര്‍ പങ്കെടുത്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org