ഫാ.ടോം ഉഴുന്നാലില്‍ 14 വര്‍ഷമായി യെമനില്‍ സേവനം ചെയ്തിരുന്നയാള്‍

ഫാ.ടോം ഉഴുന്നാലില്‍ 14 വര്‍ഷമായി യെമനില്‍ സേവനം ചെയ്തിരുന്നയാള്‍


യെമനില്‍ ബന്ദിയാക്കപ്പെട്ടിരിക്കുന്ന ഫാ.ടോം ഉഴുന്നാലില്‍ കഴിഞ്ഞ 14 വര്‍ഷമായി ആ രാജ്യത്തു സേവനം ചെയ്തു വന്നിരുന്നയാളാണെന്ന വസ്തുത മറച്ചു വച്ചുകൊണ്ടാണ് ചില കേന്ദ്രങ്ങള്‍ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നത്.
ഫാ.ടോം ഉഴുന്നാലില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ നിര്‍ദേശം ലംഘിച്ച് യെമനിലേയ്ക്കു പോയതാണെന്നും അതുകൊണ്ട് ഈ ദുരന്തം ഒരതിരു വരെ അദ്ദേഹം അര്‍ഹിക്കുന്നതാണെന്നും സൂചിപ്പിക്കുന്നതാണ് ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും അഭിപ്രായപ്രകടനങ്ങളും.

14 വര്‍ഷമായി താന്‍ അറിയുന്ന, സ്നേഹിക്കുന്ന നിരാലംബരായ കുറെ മനുഷ്യരുടെ ഇടയിലേയ്ക്കാണ് പ്രശ്നങ്ങളുണ്ടെങ്കിലും പോകണം എന്നദ്ദേഹം തീരുമാനിച്ചത്. അതില്‍ അനുസരണക്കേടല്ല, സേവനസന്നദ്ധതയും മനുഷ്യസ്നേഹവുമാണ് മുന്നിട്ടു നില്‍ക്കുന്നത്. യെമന്‍ പോലെയൊരു രാജ്യത്ത് വൃദ്ധമന്ദിരവും മറ്റും നടത്തുന്നത് അവിടെ ഗുണഭോക്താക്കളായെത്തുന്ന മനുഷ്യരെ മതം മാറ്റാനാണെന്ന മുന്‍വിധിയോടെ ഈ വിഷയത്തെ സമീപിക്കുന്നതും യുക്തിഹീനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സഹായമര്‍ഹിക്കുന്ന നിരാലംബരായ കുറെ മനുഷ്യര്‍ക്കിടയില്‍ സേവനം ചെയ്തു വരികയായിരുന്നു ഫാ.ടോം. അദ്ദേഹത്തിന്‍റെ സേവനമേഖലയായിരുന്ന ആദനില്‍ ആക്രമിക്കപ്പെട്ട വൃദ്ധമന്ദിരം നടത്തിയിരുന്നത് മദര്‍ തെരേസായുടെ സിസ്റ്റര്‍മാരാണ്. ഇവരാരും മതംമാറ്റം മാത്രം ലക്ഷ്യം വച്ചു പ്രവര്‍ത്തിച്ചിരുന്നവരല്ല. മതപ്രചാരണത്തിനായി സര്‍ക്കാരിന്‍റെ നിര്‍ദേശം ലംഘിച്ച് യെമനില്‍ പോയതാണ് ഫാ.ടോം എന്നു വരുത്താനുള്ള ശ്രമങ്ങള്‍ ഈ വിഷയത്തില്‍ തങ്ങള്‍ക്കുണ്ടായ പരാജയത്തെ മറച്ചു വയ്ക്കാനാകാം ചില കേന്ദ്രങ്ങള്‍ നടത്തുന്നതെന്ന് കരുതപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org