ബന്ദികളാക്കപ്പെട്ട നാലു നൈജീരിയന്‍ വൈദികരെ മോചിപ്പിച്ചു

നൈജീരിയായില്‍ തട്ടിക്കൊണ്ടു പോയി തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന നാലു കത്തോലിക്കാ വൈദികരെ മോചിപ്പിച്ചു. പോലീസ് ഇടപെടലിനെ തുടര്‍ന്നാണു മോചനം. നാലു രൂപതകളുടെ വൈദികരായിരുന്നു ഇവര്‍. നാലു പേരും ഒന്നിച്ചു പഠിച്ചിരുന്ന ഒരു മേജര്‍ സെമിനാരിയിലെ പൂര്‍വവിദ്യാര്‍ത്ഥിസംഗമത്തിനു പോകുമ്പോഴാണ് വാഹനമടക്കം ഇവരെ അക്രമികള്‍ തട്ടിക്കൊണ്ടു പോയത്. മൂസ്ലീം തീവ്രവാദികളായ ഫൂലാനി കാലിമേച്ചില്‍ സംഘത്തിലെ അക്രമികളാണ് തട്ടിക്കൊണ്ടു പോയതെന്നാണു സംശയം.

നൈജീരിയായില്‍ ബോകോ ഹരാം പോലുള്ള തീവ്രവാദസംഘടനകള്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന അക്രമങ്ങള്‍ ഈ അടുത്ത കാലത്തായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇവര്‍ക്കു സ്വാധീനമുള്ള ദക്ഷിണ നൈജീരിയായില്‍ നിരവധി സഭാപ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോകലിനും അക്രമങ്ങള്‍ക്കും ഇരകളായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഒരു വൈദികനേയും ജനുവരിയില്‍ ആറു കന്യാസ്ത്രീകളേയും തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മറ്റൊരു വൈദികനേയും തട്ടിക്കൊണ്ടു പോയി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org