ഭാരതത്തില്‍ നിന്ന് ആദ്യമായൊരു ദൈവദാസി

ഭാരതത്തില്‍ നിന്ന് ആദ്യമായൊരു ദൈവദാസി

ആദിവാസി സമൂഹത്തില്‍ നിന്നുള്ള മദര്‍ മേരി ബര്‍ണഡിറ്റ പ്രസാദ് കിസ്‌പോട്ടയെ റാഞ്ചി ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ ദൈവദാസിയായി പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ചു വത്തിക്കാന്റെ അനുമതി ലഭിച്ചതിനെത്തുടര്‍ന്നാണ് മദര്‍ മേരി ബര്‍ണഡിറ്റയുടെ നാമകരണ നടപടികള്‍ക്കായുള്ള ആദ്യപടിയായി ദൈവദാസിയായി പ്രഖ്യാപിച്ചത്. റാഞ്ചി കേന്ദ്രമായ സെന്റ് ആന്‍ സന്യാസ സഭയുടെ സ്ഥാപകയാണു മദര്‍ ബെര്‍ണഡിറ്റ.
1878-ല്‍ ജനിച്ച മദര്‍ ബെര്‍ണഡിറ്റ ആദിവാസികള്‍ക്കു വിദ്യാഭ്യാസം നല്‍കി അവരെ മുഖ്യധാരയിലേക്കു കൊണ്ടുവരാന്‍ പരിശ്രമിച്ച വ്യക്തിയാണ്. റോഡുകളില്ലാത്ത വിദൂര ഗ്രാമങ്ങളില്‍ വനത്തിലൂടെ നടന്നലഞ്ഞാണ് മദര്‍ തന്റെ ദൗത്യം തുടര്‍ന്നിരുന്നത്. സി. വെറോനിക്ക, സി. സിസിലിയ, സി.മേരി എന്നീ സഹോദരിമാരും മദര്‍ ബെര്‍ണഡിറ്റക്കൊപ്പമുണ്ടായിരുന്നു. ചോട്ടാനാഗ്പൂരിന്റെ വിവിധ ഭാഗങ്ങളില്‍ കോളറ വ്യാപകമായി പടര്‍ന്നു പിടിച്ചപ്പോള്‍ ഇവരുടെ സഹായഹസ്തം ഉണ്ടായിരുന്നു. സി. മേരിയും സി. വെറോനിക്കയും ഈ മഹാമാരി പിടിപെട്ടാണു മരണമടഞ്ഞത്. അപകടകരമായ സാഹചര്യ ങ്ങളില്‍ അനേകര്‍ക്ക് തുണയായി മദര്‍ ബെര്‍ണഡിറ്റ പ്രവര്‍ത്തിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഠങ്ങള്‍ ആരംഭിക്കുകയും ചെയ്തു. 1961 ഏപ്രില്‍ 16-ന് ക്ഷയരോഗം ബാധിച്ചാണ് മദര്‍ മരണമടഞ്ഞത്.
ആദിവാസിയായ മദര്‍ ബെര്‍ണഡിറ്റയെ ദൈവദാസിയായി പ്രഖ്യാപിക്കുന്നത് അപൂര്‍വമായ ബഹുമതിയാണെന്ന് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ പറഞ്ഞു. നാമകരണ നടപടികളിലൂടെ വിശുദ്ധ പദവിലേക്കെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതയായിരിക്കും മദര്‍ ബെര്‍ണഡിറ്റെയെന്നും ഇതു ദൈവത്തിന്റെ കാരുണ്യമാണെന്നും കര്‍ദിനാള്‍ വിശദീകരിച്ചു. മദര്‍ ബെര്‍ണഡിറ്റയെ ദൈവദാസിയായി പ്രഖ്യാപിച്ചതില്‍ സഭ മുഴുവനും ദൈവത്തോടു നന്ദി പറയുകയാണെന്ന് ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍ സഭയുടെ സുപ്പീരിയര്‍ ജനറല്‍ സി. ലിന്‍ഡ മേരി പറഞ്ഞു. 1897-ല്‍ ആരംഭിക്കപ്പെട്ട ഈ സന്യാസ സഭയില്‍ 1040 അംഗങ്ങളുണ്ട്. ഇന്ത്യയിലും വിദേശത്തുമായി 142 മഠങ്ങളുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org