മദര്‍ തെരേസയുടെ നാമകരണം: ഇന്ത്യന്‍ സംഘത്തെ മന്ത്രി സുഷമ നയിക്കും

വത്തിക്കാനില്‍ സെപ്തംബര്‍ നാലിനു നടക്കുന്ന മദര്‍ തെരേസയുടെ നാമകരണ ചടങ്ങില്‍ പങ്കെടുക്കുന്ന ഇന്ത്യയില്‍ നിന്നുള്ള ഔദ്യേഗിക സംഘത്തെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും. വിദേശമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചതാണ് ഇക്കാര്യം. മന്ത്രിയുടെ നേതൃത്വത്തില്‍ എത്ര പേര്‍ നാമകരണ ചടങ്ങില്‍ പങ്കെടുക്കുമെന്നോ ആരൊക്കെ പ്രതിനിധാനം ചെയ്യുമെന്നോ തീരുമാനമായിട്ടില്ലെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വാഴ്ത്തപ്പെട്ട മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെടുന്ന ചടങ്ങില്‍ കേരളത്തില്‍ നിന്നു നിരവധി പേര്‍ പങ്കെടുക്കുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി. നാമകരണ ചടങ്ങുകളോടനുബന്ധിച്ച് ആഗസ്റ്റ് 4 മുതല്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന കര്‍മ്മ പദ്ധതികളാണ് കെസിബിസി പ്രൊ-ലൈഫ് സമിതി വിഭാവനം ചെയ്തിരിക്കുന്നത.്
മദര്‍ തെരേസ നേതൃത്വം നല്‍കി ആരംഭിച്ച സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോണ്‍ വെന്‍റുകളില്‍ പ്രാര്‍ത്ഥന, കത്തോലിക്ക ജീവകാരുണ്യ സ്ഥാപനങ്ങള്‍, പദ്ധതികള്‍ എന്നിവയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്ക് ആഹാരം, വസ്ത്രം വിതരണം, കാരുണ്യ സംഗമങ്ങള്‍, കാരുണ്യ യാത്രകള്‍, സെമിനാറുകള്‍, റാലികള്‍, കാരുണ്യ മേഖലയിലെ വ്യക്തികളെ ആദരിക്കല്‍, മദര്‍തെരേസയെക്കുറിച്ചുളള എക്സിബിഷന്‍ എന്നിവ നടത്തും. ഒക്ടോബര്‍ 2-ന് കല്‍ക്കട്ടയില്‍ നടക്കുന്ന കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും കെസിബിസി പ്രൊ-ലൈഫ് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org